CrimeNEWS

വാള്‍ പിടിച്ചുവാങ്ങി കോമരത്തെ വെട്ടിക്കൊന്ന കേസിലെ പ്രതി 15 വര്‍ഷത്തിന് ശേഷം പിടിയില്‍

കൊടുങ്ങല്ലൂര്‍: തീരദേശത്തെ നടുക്കിയ കൊലപാതകക്കേസില്‍ ഒളിവിലായിരുന്ന രണ്ടാംപ്രതി 15 വര്‍ഷത്തിനുശേഷം അറസ്റ്റിലായി. കൂരിക്കുഴി കോഴിപ്പറമ്പില്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ക്ഷേത്രത്തിനകത്ത് തുള്ളിക്കൊണ്ടിരുന്ന കോമരം കോഴിപ്പറമ്പില്‍ ഷൈനിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കൂരിക്കുഴി കിഴക്കേ വീട്ടില്‍ ഗണപതി എന്നു വിളിക്കുന്ന വിജീഷാ(38)ണ് അറസ്റ്റിലായത്. കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കണ്ണൂര്‍ ആയിക്കര ഹാര്‍ബറില്‍നിന്ന് ഇയാളെ പിടികൂടിയത്.

2007 മാര്‍ച്ച് 27-നായിരുന്നു കേസിനാസ്പദമായ സംഭവം. മറ്റു അഞ്ച് പ്രതികളും പിടിയിലായി ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരുകയാണ്. പോലീസ് പിടികൂടുമെന്ന ഘട്ടമെത്തിയപ്പോള്‍ രണ്ടാംപ്രതിയായ ഗണപതി ബെംഗളൂരുവിലേക്ക് രക്ഷപ്പെട്ടു. അവിടെ ഒളിവില്‍ കഴിയുകയായിരുന്നു. വൈകാതെ കേരളത്തിലെത്തി വ്യാജ പേരില്‍ കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ മത്സ്യത്തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു. ഇയാള്‍ കേരളത്തിലുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചതോടെ ഏതാനും മാസങ്ങളായി പ്രത്യേക അന്വേഷണസംഘം അന്വേഷണം ആരംഭിച്ചു. കൂടുതല്‍ സമയം കടലില്‍ കഴിഞ്ഞിരുന്ന ഗണപതിയെ കണ്ടെത്താനായി പോലീസ് സംഘം മത്സ്യത്തൊഴിലാളികളുടെ വേഷത്തില്‍ തുറമുഖത്ത് താമസിച്ചു. കണ്ണൂര്‍ ജില്ലയിലെ ആയിക്കരയില്‍ ഇയാള്‍ എത്തുമെന്നറിഞ്ഞ പോലീസ് അവിടെനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

Back to top button
error: