KeralaNEWS

രാജി ആവശ്യം തമാശ, തന്നെ മേയറാക്കിയ പാര്‍ടിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്ന് ആര്യ രാജേന്ദ്രന്‍

കരാര്‍ നിയമനത്തിന് ലിസ്റ്റ് ചോദിച്ച് ജില്ലാ സെക്രടറിക്ക് കത്ത് നല്‍കിയെന്ന വിവാദത്തില്‍ രാജിയില്ലെന്ന് വ്യക്തമാക്കി തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍. രാജി എന്ന വാക്ക് വെറുതെ പറയുകയാണെന്ന് പറഞ്ഞ ആര്യ തന്നെ മേയറാക്കിയത് പാര്‍ടിയാണെന്നും പാര്‍ടിയാണ് എല്ലാം തീരുമാനിക്കേണ്ടതെന്നും വ്യക്തമാക്കി. പാര്‍ടി നല്‍കിയ ചുമതല താന്‍ നിര്‍വഹിക്കുന്നു എന്ന് മാത്രം. രാജി ആവശ്യം എന്നത് തമാശ മാത്രമാണെന്നും ആര്യ പറഞ്ഞു.

പ്രതിപക്ഷ സമരം അവരുടെ സ്വാതന്ത്യം. എന്നാല്‍ സമരത്തിന്റെ പേരില്‍ കൗണ്‍സിലര്‍മാരെ മര്‍ദ്ദിക്കുന്നത് ശരിയായ നടപടിയല്ല. സമരക്കാർ ജനങ്ങളെ ദ്രോഹിക്കുന്നുവെന്നും ആര്യ കുറ്റപ്പെടുത്തി. കത്തിലെ അന്വേഷണം ശരിയായ രീതിയില്‍ നടക്കുമെന്ന് ഉറപ്പുണ്ട്. ഡി ആര്‍ അനിലിന്റെ കത്ത് അദ്ദേഹത്തിന്റേതാണെന്ന് പറഞ്ഞിട്ടുണ്ട്. കാലതാമസം ഉണ്ടാകാതിരിക്കാനായിരിക്കും കത്ത് എഴുതിയത്. ശരി തെറ്റുകള്‍ നോക്കുന്നില്ല. എല്ലാം അന്വേഷിക്കട്ടെയെന്നും അവര്‍ പറഞ്ഞു.

തിരുവനന്തപുരം കോര്‍പറേഷനിലെ കത്ത് വിവാദം പാര്‍ട്ടിയും പൊലീസും അന്വേഷിക്കും. താല്‍കാലിക നിയമനത്തിന് പാര്‍ട്ടി പട്ടിക ചോദിച്ച കത്തിലാണ് സിപിഎമ്മും ക്രൈംബ്രാഞ്ചും അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. സിപിഎം തിരുവനന്തപുരം ജില്ലാ കമിറ്റിയിലാണ് കത്ത് വിവാദം അന്വേഷിക്കാന്‍ തീരുമാനമായത്.

മേയറുടെ പരാതിയില്‍ കത്ത് വിവാദത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കാനും തീരുമാനമായി. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപിയാണ് ഉത്തരവിട്ടത്. എസ് പി എസ് മധുസൂദനന്റെ മേല്‍നോട്ടിലായിരിക്കും അന്വേഷണം.

അതേസമയം, മേയറുടെ കത്ത് വിവാദത്തില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം രൂക്ഷമാവുകയാണ്. നഗരസഭയില്‍ മണിക്കൂറുകൾ നീണ്ട ബഹളം നടന്നു. ബിജെപി, സിപിഎം കൗണ്‍സിലര്‍മാര്‍ ഏറ്റുമുട്ടി. വിവിധ ആവശ്യങ്ങള്‍ക്ക് എത്തിയവരെ ഉള്‍പ്പെടെ പ്രതിഷേധക്കാര്‍ പൂട്ടിയിട്ടു. സംഘര്‍ഷത്തില്‍ അകപ്പെട്ട പ്രായമായവര്‍ അടക്കം പൊട്ടിക്കരയുന്ന അവസ്ഥ പോലും ഉണ്ടായി.

നഗരസഭയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനുനേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഇതിനിടെ കണ്ണന്‍മൂലയിലെ കൗണ്‍സിലര്‍ ശരണ്യക്ക് പരുക്കേറ്റു. സിപിഎം – ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് പരുക്കേറ്റത്. കോര്‍പ്പറേഷന് മുന്നില്‍ യുഡിഎഫ് കൗണ്‍സിലര്‍മാരുടെ സമരവും നടക്കുന്നുണ്ട്.

Back to top button
error: