റിയാദ്: സൗദി അറേബ്യയില്‍ പരിശീലനത്തിനിടെ യുദ്ധവിമാനം തകര്‍ന്നു വീണു. സൗദി റോയല്‍ എയര്‍ഫോഴ്സിന്‍റെ എഫ്-15 എസ് യുദ്ധവിമാനമാണ് കിങ് അബ്ദുല്‍ അസീസ് എയര്‍ ബേസ് പരിശീലന ഗ്രൗണ്ടില്‍ തകര്‍ന്നു വീണത്. സാങ്കേതിക തകരാറാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച രാത്രി 10.52നാണ് സംഭവം. പതിവ് പരിശീലനത്തിനിടെ സാങ്കേതിക തകരാര്‍ സംഭവിച്ചതായി പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വിമാനത്തിലുണ്ടായിരുന്ന രണ്ടു പേര്‍ പാരച്യൂട്ട് വഴി രക്ഷപ്പെട്ടു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു. മക്ഡൊണല്‍ ഡഗ്ലസ് രൂപകല്‍പ്പന ചെയ്ത ഇരട്ട എഞ്ചിന്‍ യുദ്ധവിമാനമാണ് എഫ് – 15 ഈഗിള്‍. സംഭവത്തില്‍ പ്രതിരോധ മന്ത്രാലയം അന്വേഷണം ആരംഭിച്ചു.