അംബേദ്കർ നഗർ: സ്ത്രീകളടക്കമുള്ളവരെ ക്രൂരമായി മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന യുപി പൊലീസിന്റെ വീഡിയോ പുറത്തുവന്നു. വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെ വിശദീകരണവുമായി പൊലീസ് രംഗത്തെത്തി. തങ്ങൾക്കും വാഹനങ്ങൾക്കും നേരെ കല്ലേറുണ്ടായപ്പോൾ അത് പ്രതിരോധിക്കാൻ നേരിയ ബലപ്രയോഗം നടത്തുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന്റ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. അംബേദ്കർ നഗറിൽ ജോലി തടസപ്പെടുത്തിയെന്നും അപമര്യാദയായി പെരുമാറിയെന്നും കാണിച്ചാണ് പൊലീസ് ജനക്കൂട്ടത്തിന് നേരെ ലാത്തി ചാർജ് നടത്തിയത്. ഇതോടെ ജനക്കൂട്ടവും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് കാര്യങ്ങൾ നീങ്ങി. സംഘർഷത്തിൽ അഞ്ച് സ്ത്രീകൾക്കും നാല് പൊലീസുകാർക്കും പരിക്കേറ്റു. രണ്ട് പൊലീസ് വാഹനങ്ങളും തഹസിൽദാറുടെ ഔദ്യോഗിക വാഹനത്തിനും കേടുപാടുണ്ടായി.
They say in Indian culture, women are seen as goddesses!
Male Police officers in UP, India barbarically beating up Dalit women. pic.twitter.com/8J6pFPfaho— Ashok Swain (@ashoswai) November 6, 2022
ഞായറാഴ്ചയാണ് സംഭവം നടന്നത്. വാസിദ്പുരിലെ അംബേദ്കർ പ്രതിമയ്ക്ക് ചുറ്റും കോർപ്പറേഷൻ മതിലുകെട്ടിയതിനെതിരെ സ്ത്രീകളടക്കം ഒരു കൂട്ടം പ്രതിഷേധവുമായി എത്തി. പ്രതിഷേധിച്ചെത്തിയവർ മതിൽ നിർമാണം തടസപ്പെടുത്തിയപ്പോൾ കോർപ്പറേഷൻ അധികൃതർ പൊലീസിന്റെ സഹായം തേടി. പൊലീസെത്തിയതോടെ പ്രതിഷേധക്കാർ പൊലീസിന് നേരെ തിരിഞ്ഞു. ഇതോടെ കയ്യിൽ കിട്ടിയ വടികളുമായി പൊലീസ് തിരിച്ചടിക്കുകയായിരുന്നു എന്നുമാണ് പൊലീസ് നൽകുന്ന വിശദീകരണം. സ്ത്രീകളടക്കമുള്ളവർ വനിതാ പൊലീസുകാരെയടക്കം ആക്രമിച്ചുവെന്നും പൊലീസ് പറയുന്നു.
നേരത്തെ അംബേദ്കർ പ്രതിമയുടെ മേൽ അജ്ഞാതർ കറുത്ത പെയിന്റ് ഒഴിച്ചിരുന്നു. ഉതോടെയാണ് കോർപ്പറേഷൻ ചുറ്റും മതില് കെട്ടാൻ തീരുമാനിച്ചത്. പ്രതിമ നിലകൊള്ളുന്ന ഭൂമിയുമായി ബന്ധപ്പെട്ടും തർക്കങ്ങളുണ്ടെന്നാണ് വിവരം. പ്രതിമയിൽ പെയിറ്റ നടത്തിയ സംഭവത്തിലും പ്രതിഷേധത്തിനിടെയുള്ള സംഘർഷത്തിലും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും പൊലീസിനെ കയ്യേറ്റം ചെയ്തെന്നുമാണ് പ്രതിഷേധക്കാർക്കെതിരെയുള്ള കേസ്.