CrimeNEWS

ബ്ലേഡ് പലിശക്കാരന്റെ ഭീഷണിയിൽ യുവാവ് ജീവനൊടുക്കിയ സംഭവം, യുവമോർച്ച പ്രാദേശിക നേതാവിനെതിരെ കേസ്

പാലക്കാട് : പറളിയിൽ ബ്ലേഡ് പലിശക്കാരന്റെ ഭീഷണിയിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ യുവമോർച്ച പ്രാദേശിക നേതാവിനെതിരെ കേസെടുത്തു. പറളി കിണാവല്ലൂര്‍ അനശ്വര നഗറിലെ നിർമ്മാണ തൊഴിലാളി പ്രവീണിന്റെ മരണവുമായി ബന്ധപ്പെട്ട് യുവമോർച്ച നേതാവ് സന്തോഷിനെതിരെയാണ് പൊലീസ് കേസെടുത്തത്. ആത്മഹത്യാപ്രേരണ, പട്ടികജാതി -പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമം എന്നീ വകുപ്പുകളാണ് സന്തോഷിനെതിരെ ചേർത്തത്. സന്തോഷായിരുന്നു പ്രവീണിന് പലിശക്ക് പണം നൽകിയത്. പണം തിരികെ നൽകാത്തതിൽ സന്തോഷ് ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ പരാതി.

കഴിഞ്ഞ ദിവസമാണ് പ്രവീണിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രവീണിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കട ബാധ്യത കാരണമാണ് താന്‍ മരിക്കുന്നതെന്നും ഇതില്‍ ഉത്തരവാദിത്വം തനിക്കു മാത്രമാണെന്നുമാണ് പ്രവീണ്‍ കുറിച്ചിരിക്കുന്നത്. രാത്രിയില്‍ പോലും പലിശക്കാര്‍ വീട്ടിലെത്തി പണം ആവശ്യപ്പെട്ട് ബഹളം വെച്ചിരുന്നതായും ഇതിൽ മനംനൊന്താണ് പ്രവീൺ ജീവനൊടുക്കിയതെന്നുമാരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയാണ് സന്തോഷിനെതിരെ കേസെടുത്തത്.

Signature-ad

പ്രദേശത്തെ പലിശക്കാരിൽ നിന്ന് പ്രവീൺ പലപ്പോഴായി ചെറിയ തുക കടം വാങ്ങിയിരുന്നു. പലിശ മുടങ്ങിയതോടെ പലിശക്കാർ നിരന്തരം ശല്യം ചെയ്തിരുന്നതായും ബന്ധുക്കൾ പരാതിയിൽ പറയുന്നു.  കൂലിപ്പണി ചെയ്ത് ജീവിക്കുന്നവരാണ് ഈ പ്രദേശത്ത് അധികവുമുള്ളത്. ഇവിടെ ബ്ലേഡ് മാഫിയ സജീവമാണ്. എന്നാൽ ഭീഷണി ഭയന്ന് ആരും പരാതി നല്കാറില്ല. നിർമാണ തൊഴിലാളിയായ പ്രവീണിന് ഇരുപത്തിയൊമ്പത് വയസ് മാത്രമാണ് പ്രായം.

Back to top button
error: