കോട്ടയം: വിലക്കയറ്റം നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഉറക്കം നടിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. രണ്ടു പതിറ്റാണ്ടിനുളളില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് ഇത്രയധികം വില വര്‍ദ്ധനവ് ഉണ്ടായിട്ടില്ല. പെതുവിതരണ സ്ഥാപനങ്ങളായ സപ്ലൈകോ അടക്കമുളള സംവിധാനങ്ങള്‍ നോക്കുകുത്തിയായി മാറിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. യു.ഡി.എഫ്. ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം.
അരിവിലയില്‍ റെക്കാര്‍ഡിട്ട സംസ്ഥാനമായി കേരളം മാറിയിട്ടും ആന്ധ്രായില്‍ നെല്ല് വിതച്ചു ആറുമാസം കഴിയുമ്പോള്‍ അരി നല്‍കാമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം 1,75,000 ടണ്‍ നെല്ല് സംഭരണം നടന്ന സംസ്ഥാനത്ത് ഇത്തവണ 5000 ടണ്‍ നെല്ലു മാത്രമാണ് സംഭരിച്ചത്. ഈ നെല്ല് സംഭരിച്ച് അരി ആക്കിയിരുന്നെങ്കില്‍ അരി വിലയില്‍ കുറച്ചെങ്കിലും ആശ്വാസം ലഭിക്കുമായിരുന്നു. നെല്ല് സംഭരിക്കാതിരുന്നതോടെ കര്‍ഷകരും കടക്കെണിയിലായി. ഓണത്തിന് ശേഷം നിത്യോപയോഗ സാധനങ്ങളുടെ വില സംബന്ധിച്ച് ഒരു ഫയല്‍പോലും പരിശോധിക്കാന്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ തയാറായിട്ടില്ലെന്ന് സതീശന്‍ കുറ്റപ്പെടുത്തി.
റബര്‍ വില കുത്തനെ ഇടിഞ്ഞിട്ടും യു.ഡി.എഫ്. സര്‍ക്കാര്‍ കൊണ്ടുവന്ന വില സ്ഥിരതാ ഫണ്ട് നല്‍കാന്‍ സര്‍ക്കാര്‍ തയറായിട്ടില്ല. പ്രകൃതിക്ഷോഭത്തില്‍ നഷ്ടം സംഭവിച്ചവര്‍ക്കുളള നഷ്ടപരിഹാരത്തുക ഇനിയും പലര്‍ക്കും കിട്ടിയിട്ടില്ല. കേരളത്തില പതിനാലായിരത്തോളം ഗുണ്ടകള്‍ ഉണ്ടെന്ന് അഭിമാനത്തോടെ പറയുന്ന മുഖ്യമന്ത്രിക്ക് ജനങ്ങളുടെ ദുരിതം കാണാനുളള മനസില്ലെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. മയക്കുമരുന്നു ഉപയോഗത്തിന്റെ കേന്ദ്രമായി കേരളം മാറിക്കഴിഞ്ഞു. മയക്കുമരുന്നു കൊണ്ടുവരുന്നിന്റെ ഉറവിടം കണ്ടെത്താതെ സര്‍ക്കാര്‍ നടത്തുന്ന നടപടികള്‍ വെറും പ്രഹസനം മാത്രമാണ്.സഖാക്കളെ പിന്‍വാതില്‍ കൂടി നിയമിക്കുന്നതിനുളള ഭരണം മാത്രമാണ് കേരളത്തില്‍ നടക്കുന്നത്. പിന്‍വാതില്‍ നിയമന വിവാദം അടഞ്ഞ അധ്യായമാണെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി എം.പി.ഗോവിന്ദനോടുളള മറുപടി പ്രതിപക്ഷം അടഞ്ഞ അധ്യായം തുറക്കാന്‍ പോകുകയാണെന്നാണെന്ന് സതീശന്‍ പറഞ്ഞു.
സ്വര്‍ണ്ണക്കളളക്കടത്ത് കേസിന്റെയും ലാവ്‌ലിന്‍ കേസിന്റെയും പോക്ക് കണ്ടാല്‍ മുഖ്യമന്ത്രി പിണറായി വിജയനും ബി.ജെ.പി് നേതൃത്വവും തമ്മിലുളള ബന്ധം വ്യക്തമാകും.സംസ്ഥാന സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസിഡറായ സോളാര്‍ കേസിലെ പ്രതിക്ക് ഒരു നിയമവും മറ്റുളളവര്‍ക്ക് വേറൊരു നിയമവുമെന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്നും സതീശന്‍ പറഞ്ഞു. യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. അച്ചടക്കസമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ., എം.പി.മാരായ ആന്റോ ആന്റണി, കൊടിക്കുന്നില്‍ സുരേഷ്, എം.എല്‍.എ.മാരായ മോന്‍സ് ജോസഫ് മാണി സി. കാപ്പന്‍, മുന്‍ മന്ത്രി കെ.സി. ജോസഫ്, പി.സി. തോമസ്, ഡി.സി.സി. അധ്യക്ഷന്‍ നാട്ടകം സുരേഷ്, കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ പി.എ. സലീം, ജോസി സെബാസ്റ്റ്യന്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ അഡ്വ. ഫില്‍സണ്‍ മാത്യൂസ്, സെക്രട്ടറി അസീസ് ബെഡായില്‍, സലീം പി. മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.