കണ്ണൂര്‍: തലശേരി കാറില്‍ ചാരിനിന്നതിന് യുവാവ് ക്രൂരമായി മര്‍ദിച്ച അതിഥിത്തൊഴിലാളിയുടെ 6 വയസ്സുള്ള മകനെ മറ്റൊരാളും ഉപദ്രവിച്ചു. യുവാവ് ആക്രമിക്കുന്നതിന് മുന്‍പാണ് മറ്റൊരാള്‍ കുട്ടിയെ ഉപദ്രവിച്ചത്. കാറിന് സമീപത്തുനിന്ന കുട്ടിയെ ഇയാള്‍ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പുതിയ ദൃശ്യങ്ങളുടെ പശ്ചാത്തലത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ്, ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ മൊഴിയെടുത്തു. കുട്ടിയെ ചവിട്ടിത്തെറിപ്പിച്ച് ക്രൂരത കാട്ടിയ പൊന്ന്യംപാലം മന്‍സാര്‍ ഹൗസില്‍ കെ. മുഹമ്മദ് ഷിഹാദിനെ (20) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
തലശ്ശേരി നാരങ്ങാപ്പുറം മണവാട്ടി ജംക്ഷനില്‍ വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ഷിഹാദ് കുട്ടിയെ ചവിട്ടുന്ന ദൃശ്യങ്ങളുടെ തുടര്‍ച്ചയായാണ് മറ്റൊരാളും കുട്ടിയെ ഉപദ്രവിക്കുന്നത് പുറത്തായത്. വഴിപോക്കനായ ഒരാള്‍ കാറിനു സമീപം നില്‍ക്കുന്ന കുട്ടിയുടെ തലയില്‍ അടിക്കുന്നതും പിടിച്ചുമാറ്റുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. അതിനുശേഷം സ്ഥലത്തെത്തുന്ന കാറിന്റെ ഉടമയായ ഷിഹാദ് കുട്ടിയുമായി തര്‍ക്കിക്കുന്നതും പിടിച്ചു തള്ളുന്നതും പുതിയ ദൃശ്യങ്ങളിലുണ്ട്. ഇതിനു ശേഷം അവിടെനിന്ന് പോയ ഷിഹാദ് തിരിച്ചെത്തിയാണ് കുട്ടിയെ ചവിട്ടിയത്.
കാറില്‍ ചാരിനിന്നതിന്റെ പേരില്‍ വ്യാഴാഴ്ച സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്ത ശേഷം പോലീസ് ഷിഹാദിനെ വിട്ടയച്ചിരുന്നു. പിന്നീട് ദൃശ്യങ്ങള്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് വ്യാപക പ്രതിഷേധമുയരുകയും ഇന്നലെ രാവിലെ ഷിഹാദിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. രാജസ്ഥാന്‍ സ്വദേശിയായ കുട്ടി തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സാരമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും നീര്‍ക്കെട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
രാജസ്ഥാനില്‍നിന്നു ബലൂണ്‍ വില്‍പനയ്‌ക്കെത്തിയ ദമ്പതികളുടെ കുട്ടിയുടെ പുറത്ത് ഷിഹാദ് ഷൂസിട്ട കാല്‍ കൊണ്ടു ചവിട്ടുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ ആളുകളെ തള്ളിമാറ്റി, ഇയാള്‍ കാറുമായി സ്ഥലം വിട്ടു. പുറത്തു നീരുവന്ന കുട്ടിയെ മടിയില്‍ കിടത്തി, ഫുട്പാത്തില്‍ ഇരുന്നു കരഞ്ഞ ദമ്പതികളെ ഇതുവഴി സ്‌കൂട്ടറില്‍ വന്ന സി.പി.എം നേതാവും അഭിഭാഷകനുമായ എം.കെ.ഹസനാണു ശ്രദ്ധിച്ചത്. നാട്ടുകാരുടെയും ഓട്ടോ ഡ്രൈവര്‍മാരുടെയും സഹായത്തോടെ ഒന്‍പതോടെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.
ഇതിനിടെ പോലീസ് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കാറിന്റെ നമ്പര്‍ കണ്ടെത്തി ഷിഹാദിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയെങ്കിലും രാത്രി തന്നെ വിട്ടയച്ചു. കാറില്‍ സ്ത്രീകളടക്കമുള്ള കുടുംബാംഗങ്ങള്‍ ഉണ്ടായതിനാല്‍ രാവിലെ എത്താന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നാണ് വിശദീകരണം. പ്രതി ആസ്മ രോഗിയാണെന്നും പോലീസ് പറയുന്നു.
ഇന്നലെ രാവിലെ എട്ടരയോടെ സ്റ്റേഷനിനെത്തിയ ഷിഹാദിനെ അറസ്റ്റ് ചെയ്തു. നരഹത്യാ ശ്രമം, ബോധപൂര്‍വം മുറിവേല്‍പിക്കല്‍, പൊതുഗതാഗതം തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണു കേസ്. ബാലനീതി വകുപ്പു പ്രകാരമുള്ള കുറ്റങ്ങള്‍ ചേര്‍ത്തിട്ടില്ല. പ്രതിയെ മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു. ബാലാവകാശ കമ്മിഷന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി. ദേശീയ ബാലാവകാശ കമ്മിഷനും വിശദീകരണം തേടി. പൊലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടെങ്കില്‍ അന്വേഷിച്ചു നടപടിയെടുക്കുമെന്നു ഡിജിപി അനില്‍കാന്ത് അറിയിച്ചു.