LIFEMovie

“ഇട്ടി കടലിലെ തിരമാല, ഷീല ആ കടലിലെ ആഴം” ഇത് കേട്ടപ്പോ ഞാൻ ഷോക്ക് അടിച്ചതുപോലെയായി: അപ്പനിലെ ഷീല

സണ്ണിവെയ്ൻ, അലൻസിയർ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ അപ്പൻ എന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മജു സംവിധാനം ചെയ്ത അപ്പൻ സോണി ലിവിലൂടെയാണ് സ്ട്രീമിംഗ് തുടരുന്നത്. സിനിമയെ പ്രശംസിച്ച് മധുപാൽ അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ ഷീല എന്ന പ്രധാന വേഷത്തിലെത്തിയ രാധിക രാധാകൃഷ്ണൻ വിശേഷങ്ങൾ പങ്കുവെക്കുകയാണ്.

‘ഞാൻ തിരക്കഥ വായിച്ചിട്ട് ആദ്യം ചോദിച്ചത് ഇട്ടിയുടെ കഥാപാത്രം ആരാണ് ചെയ്യുന്നത് എന്നാണ്. അലൻസിയർ ചേട്ടൻ ആണെന്ന് അറിഞ്ഞപ്പോ എനിക്ക് ഭയങ്കര ഷോക്ക് ആയിപ്പോയെന്ന് രാധിക പറയുന്നു. അദ്ദേഹം ഗംഭീര ആർടിസ്റ്റാണ്. എനിക്ക് ഷൂട്ട് ഇല്ലാത്ത ആദ്യപകുതിയിൽ ഷൂട്ടിങ് നടക്കുന്ന റൂമിൽ നിന്ന് അലൻസിയർ ചേട്ടൻ ഡയലോഗ് പറയുന്നത് കേൾക്കുമ്പോ എനിക്ക് പേടിയാകും.

എന്റമ്മേ എങ്ങനെയാ ഞാൻ ഈ ആളുടെ മുന്നിൽ നിന്ന് അഭിനയിക്കുക എന്നൊക്കെ തോന്നും. പക്ഷേ ഞാൻ അഭിനയിച്ചു തുടങ്ങിയപ്പോൾ എന്നെ ഏറ്റവും സഹായിച്ചത് അദ്ദേഹമാണ്. ഞാൻ കാരണം ഒത്തിരി റീടേക്ക് പോയിരുന്നു. പക്ഷേ അലൻസിയർ ചേട്ടനോ മറ്റുള്ളവരോ ഒരു ബുദ്ധിമുട്ടും കാണിച്ചില്ല. അതിനെന്താ ഒന്നുകൂടി ചെയ്താൽ നന്നാവുകയല്ലേ ഉള്ളൂ എന്ന് പറയും. എനിക്ക് വിഷമമായാൽ അത് കഥാപാത്രത്തെ ബാധിക്കുമെന്ന ബോധ്യം എല്ലാവർക്കും ഉണ്ടായിരുന്നു.

എനിക്ക് വലിയ പിന്തുണയാണ് മുഴുവൻ ആളുകളും തന്നത്. അലൻസിയർ ചേട്ടൻ എനിക്ക് ഒരുപാടു ടിപ്‌സ് പറഞ്ഞു തരുമായിരുന്നു. ഒരു ദിവസം ഷൂട്ടിന് മുന്നേ അദ്ദേഹം എന്നോട് പറഞ്ഞ ഒരു കാര്യമുണ്ട്. ”ഇട്ടി കടലിലെ തിരമാല പോലെ ആണ്, പുറമെ കാണുന്ന ഒച്ചയും ബഹളവും മാത്രമേ ഉള്ളൂ. പക്ഷേ ഷീല ആ കടലിലെ ആഴമാണ്” . ഇത് കേട്ടപ്പോ എനിക്ക് ഒരു ഷോക്ക് അടിച്ചതുപോലെ ആണ് തോന്നിയത്. നിഗൂഢത നിറഞ്ഞ ആ കഥാപാത്രത്തിന്റെ സ്വഭാവം എനിക്ക് അപ്പോഴാണ് കണക്റ്റ് ആയത്. ഞാൻ ഷൂട്ടിന് പോകുമ്പോഴും വരുമ്പോഴും അത് തന്നെ ആലോചിച്ചുകൊണ്ടിരിക്കും. അദ്ദേഹം അങ്ങനെ പറഞ്ഞത് എന്റെ പ്രകടനത്തെ നല്ല രീതിയിൽ സഹായിച്ചു. അദ്ദേഹം അത് പറഞ്ഞതിന് മുൻപും ശേഷവും ഞാൻ അഭിനയിച്ചത് നോക്കിയാൽ എനിക്ക് തന്നെ ആ വ്യത്യാസം മനസ്സിലാകുന്നുണ്ട്.

അലൻസിയർ ചേട്ടൻ എന്റെ മുഖത്ത് തുപ്പുന്ന ഒരു രംഗമുണ്ട്. അത് തുപ്പിയാതൊന്നുമല്ല ആർട്ട് ചെയ്യുന്ന ചേട്ടൻ ഒരു ഗ്ലാസിൽ ചോറും സാമ്പാറും കുഴച്ച് എന്റെ മുഖത്തേക്ക് എറിയുകയായിരുന്നു. ആ സീനിൽ എനിക്ക് കുറച്ചു ബുദ്ധിമുട്ട് ഉണ്ടായി കാരണം ആ സീൻ നാല് ദിവസം എടുത്താണ് ഷൂട്ട് ചെയ്തത്. ഈ നാല് ദിവസവും ചോറും സാമ്പാറും മുഖത്ത് തേച്ചിരിക്കണം. കുറച്ചു കഴിയുമ്പോ എന്റെ കവിള് നീറാൻ തുടങ്ങും, കണ്ണിൽ നിന്ന് വെള്ളം വരും, പക്ഷേ അതൊക്കെ ആ സീനിനെ പോസിറ്റീവ് ആയി സഹായിച്ചു.

പിന്നെ ഞാൻ സ്‌കൂട്ടർ ഓടിക്കുന്ന സീനിൽ എന്റെ ഒപ്പം ആബേൽ എന്ന കുട്ടി ഉണ്ട്. സ്‌കൂട്ടർ ഞാൻ സിനിമയ്ക്ക് വേണ്ടി പഠിച്ചതാണ്. കുട്ടിയെ ഇരുത്തി ഓടിക്കാൻ പേടി ആയിരുന്നു. അവനെയും കൊണ്ട് ഞാൻ വരുന്നത് കാണുമ്പോ അമ്മ പേടിച്ചിരിക്കും, അത് കാണുമ്പോ എന്റെ ടെൻഷൻ കൂടുമായിരുന്നു. ഒരു തുടക്കക്കാരിയായ എനിക്ക് വളരെ നല്ല പിന്തുണയാണ് അപ്പനിൽ നിന്ന് കിട്ടിയതെന്നും താരം പറയുന്നു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രാധിക.

Back to top button
error: