കൊച്ചി: പള്ളുരുത്തി മത്സ്യമാര്‍ക്കറ്റില്‍ നിന്നു ഭക്ഷ്യവകുപ്പ് 200 കിലോഗ്രാം പഴകിയ മത്സ്യം പിടികൂടി. മുനമ്പം, മട്ടാഞ്ചേരി ഹാര്‍ബറുകളില്‍നിന്നും കുറഞ്ഞ വിലയ്ക്കു ശേഖരിച്ച് പള്ളുരുത്തി മാര്‍ക്കറ്റിലെത്തിച്ചു വില്പന നടത്തുകയായിരുന്ന മത്സ്യമാണ് പിടികൂടിയത്. ഇവയ്ക്ക് രണ്ടു മാസമെങ്കിലും പഴക്കമുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. ചൂര, കേര, തിലോപ്പി, പാമ്പാട തുടങ്ങിയ മത്സ്യങ്ങളാണ് പിടികൂടിയത്. മൊബൈല്‍ ലാബ് എത്തിച്ച് പരിശോധന നടത്തിയശേഷം ഇവ നശിപ്പിക്കാനാണ് തീരുമാനം.
പഴകിയ മത്സ്യം വിപണിയില്‍ വിറ്റഴിക്കുന്നു എന്ന വിവരത്തെ തുടര്‍ന്നു ജില്ലയിലെ മത്സ്യ വിപണിയില്‍ ഉദ്യോഗസ്ഥര്‍ വ്യാപക പരിശോധന നടത്തുകയാണ്. കഴിഞ്ഞ ദിവസം ഹാര്‍ബര്‍ പരിസരത്തുനിന്നു പുറത്തേയ്ക്കു കടത്താന്‍ ശ്രമിക്കുകയായിരുന്ന മത്സ്യം ബി.ഒ.ടി പാലത്തിനു സമീപത്തു വച്ച് ഉദ്യോഗസ്ഥര്‍ പിടികൂടി നശിപ്പിച്ചിരുന്നു.
ഇതര സംസ്ഥാനങ്ങളില്‍ നിന്നു കുറഞ്ഞ വിലയ്ക്കു ശേഖരിക്കുന്ന മത്സ്യം ഹാര്‍ബറില്‍ എത്തിച്ച് കോള്‍ഡ് സ്റ്റോറേജുകളിലേയ്ക്കു മാറ്റി തോപ്പുംപടിയില്‍ നിന്നുള്ള മത്സ്യം എന്ന നിലയില്‍ വിറ്റഴിക്കുന്ന ഏജന്റുമാര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. മാസങ്ങളോളം ശേഖരിച്ചു വച്ചാണ് വില്പന നടത്തുന്നതെന്നു പ്രദേശത്തുള്ള മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കടലില്‍ മത്സ്യബന്ധനം കഴിഞ്ഞ് എത്തുമ്പോള്‍ ശീതീകരണി കൃത്യമായി പ്രവര്‍ത്തിക്കാത്തതുകൊണ്ടും മറ്റും ഉപയോഗ ശൂന്യമാകുന്ന മത്സ്യം കുറഞ്ഞ വിലയ്ക്കു മൊത്തമായി വില്‍ക്കുന്നതും പതിവാണ്. ഇത്തരത്തില്‍ എത്തിയ മത്സ്യമാണോ പിടികൂടിയതെന്നു പരിശോധിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.