പി.എഫ് പെന്‍ഷന്‍ കേസില്‍ തൊഴിലാളികള്‍ക്ക് ആശ്വാസവിധി; 15,000 ശമ്പള പരിധി റദ്ദാക്കി
ന്യൂഡല്‍ഹി: പി.എഫ് പെന്‍ഷന്‍ കേസില്‍ തൊഴിലാളികള്‍ക്ക് ആശ്വാസമായി ഉയര്‍ന്ന പെന്‍ഷനു വഴിയൊരുക്കുന്ന കേരള ഹൈക്കോടതി വിധി ഭാഗികമായി ശരിവച്ച് സുപ്രീം കോടതി. 60 മാസത്തെ ശരാശരിയില്‍ പെന്‍ഷന്‍ കണക്കാക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി. പെന്‍ഷന്‍ ലഭിക്കാന്‍ 15,000 രൂപ മേല്‍പരിധി ഏര്‍പ്പെടുത്തിയ കേന്ദ്ര ഉത്തരവും സുപ്രീം കോടതി റദ്ദാക്കി. വിധി നടപ്പാക്കുന്നത് ആറു മാസത്തേക്ക് മരവിപ്പിച്ചു. ഫണ്ട് കണ്ടെത്താന്‍ സര്‍ക്കാരിന് സാവകാശം നല്‍കുന്നതിനാണ് വിധി നടപ്പാക്കുന്നത് താല്‍ക്കാലികമായി മരവിപ്പിച്ചത്.
ഉയര്‍ന്ന ശമ്പളത്തിന് ആനുപാതികമായി പി.എഫ് പെന്‍ഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജികളിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധി. ഹര്‍ജികളില്‍ ഓഗസ്റ്റ് 11 നു വാദം പൂര്‍ത്തിയാക്കിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര തൊഴില്‍ മന്ത്രാലയവും ഇപിഎഫ്ഒയും നല്‍കിയ ഹര്‍ജികളാണു പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് യു.യു. ലളിതിനു പുറമേ, ജഡ്ജിമാരായ അനിരുദ്ധ ബോസ്, സുധാന്‍ഷു ധൂലിയ എന്നിവരുള്‍പ്പെട്ട ബെഞ്ചാണു വാദം കേട്ടത്.