Breaking NewsNEWS

തോപ്പുംപടി ഹാര്‍ബര്‍ പാലത്തില്‍ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി; ഒന്നരമണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു

കൊച്ചി: തോപ്പുംപടി ഹാര്‍ബര്‍ പാലത്തിനു മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. തുടര്‍ന്ന് ഒന്നര മണിക്കൂര്‍ നേരം പാലത്തിലൂടെയുള്ള വാഹന ഗതാഗതം തടസപ്പെട്ടു. ഫോര്‍ട്ട്കൊച്ചി സ്വദേശി കമാലാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. മഹാരാജാസ് കോളജില്‍ ഇന്നലെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത സഹോദരന്‍ മാലിക്, സുഹൃത്ത് ഹാഫിസ് എന്നിവരെ കാണാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടായിരുന്നു യുവാവിന്റെ പരാക്രമം.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തുകയായിരുന്നു. എറണാകുളം സിറ്റി ഡപ്യൂട്ടി കമ്മിഷണര്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി, ഇയാളെ അനുനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു.

Signature-ad

കേസുമായി ബന്ധപ്പെട്ട് പോലീസ് നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് അതുല്‍, എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അനന്ദു, വിദ്യാര്‍ത്ഥി മാലിക്ക്, പുറത്ത് നിന്നെത്തിയ ഹഫീസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് അടക്കം ചേര്‍ത്താണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് ഡി.സി.പി: എസ് ശശിധരന്‍ പറഞ്ഞു. കോളജിന് സമീപത്തെ എറണാകുളം ജനറല്‍ ആശുപത്രിക്ക് മുന്നില്‍ വെച്ചും ഇന്നലെ സംഘര്‍ഷം ഉണ്ടായിരുന്നു.

സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് അമല്‍ ജിത്ത്, വനിതാ പ്രവര്‍ത്തക റൂബി അടക്കം 10 എസ്.എഫ്.ഐക്കാര്‍ക്ക് പരുക്കേറ്റിരുന്നു. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ.എസ്.യു നേതാക്കളായ നിയാസ് റോബിന്‍സന്‍ അടക്കം പരുക്കേറ്റ ആറ് പേരെ കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാജാസ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു.

 

Back to top button
error: