IndiaNEWS

തൂക്കുപാലം തകര്‍ന്നുണ്ടായ അപകടം :ചികിത്സയിൽ കഴിയുന്നവരെ മോദി കാണാനെത്തും മുൻപ് ആശുപത്രി പെയിന്റ് അടിച്ചു, പുതിയ കിടക്കകൾ സജ്ജമാക്കി

ശവത്തിന്മേലുള്ള ഇവന്റ് മാനേജ്‌മെന്റെന്ന് ആക്ഷേപം

മോര്‍ബി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി മച്ചുനദിയിലെ തൂക്കുപാലം തകര്‍ന്നുണ്ടായ അപകടത്തില്‍ പരുക്കേറ്റ ചിലരെ മാത്രം മോബി സിവില്‍ ആശുപത്രിയുടെ സജ്ജീകരിച്ച വാര്‍ഡിലേക്ക് മാറ്റിയെന്ന് റിപ്പോര്‍ട്ടുകള്‍. മോദിയുമായി സംസാരിക്കാന്‍ ഇവരെ തയ്യാറാക്കി ആശുപത്രി കെട്ടിടത്തിന്റെ യുദ്ധകാലാടിസ്ഥാനത്തില്‍ ശുചീകരിച്ച വാര്‍ഡിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ട്. 135 പേര്‍ കൊല്ലപ്പെട്ട ഗുജറാത്തിലെ മച്ചുനദിയിലെ തൂക്കുപാലം തകര്‍ന്നുണ്ടായ അപകടസ്ഥലം സന്ദര്‍ശിച്ച മോദി പരുക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിയില്‍ എത്തിയിരുന്നു.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി പെയിന്റ് അടിച്ച വാര്‍ഡില്‍ പുതിയ കിടക്കയും കിടക്ക വിരിയും സജ്ജമാക്കി തെരഞ്ഞെടുക്കപ്പെട്ട രോഗികളെ അവിടേക്ക് മാറ്റുകയായിരുന്നുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രിയുടെ ഒഴിഞ്ഞുകിടന്നിരുന്ന താഴത്തെ നിലയിലെ മുറിയാണ് ഇത്തരത്തില്‍ സജ്ജമാക്കിയത്. മുകളിലത്തെ നിലയിലായിരുന്നു രോഗികളെ പ്രവേശിപ്പിച്ചത്. പുതിയ കിടക്ക വിരികളില്‍ പലതിലും മോര്‍ബിയില്‍ നിന്നും 300 കിലോ മീറ്റര്‍ അകലെ ജാംനഗറിലുള്ള ഒരു ആശുപത്രിയുടെ അടയാളം പതിച്ചിട്ടുണ്ട്.

40 തൊഴിലാളികള്‍ രാത്രി മുഴുവന്‍ ജോലി ചെയ്താണ് ഒറ്റ ദിവസം കൊണ്ട് ആശുപത്രി പെയിന്റ് ചെയ്തത്. ശുചിമുറികളിലും പുതിയ ടൈലുകള്‍ പാകിയിട്ടുണ്ട്. ഇതിന് പുറമേ നാല് പുതിയ വാട്ടര്‍ കൂളറും സ്ഥാപിച്ചിട്ടുണ്ട്. ‘ശവത്തിന്മേലുള്ള ഇവന്റ് മാനേജ്‌മെന്റാ’ണ് പ്രധാനമന്ത്രി നടത്തുന്നതെന്ന് വിവിധ രാഷ്ട്രീയ കക്ഷികള്‍ ആരോപിച്ചു.

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: