CrimeNEWS

വ്യാജ ബിരുദ കേസ്: കുറ്റപത്രം സമർപ്പിച്ചു, സ്വപ്ന സുരേഷും സച്ചിൻ ദാസും പ്രതികൾ; ശിവശങ്കര്‍ സാക്ഷി പട്ടികയിൽ പോലുമില്ല

തിരുവനന്തപുരം: വ്യാജ ബിരുദം സംബന്ധിച്ച കേസിൽ സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരായ കുറ്റപത്രം പൊലീസ് കോടതിയിൽ സമർപ്പിച്ചു. കേസ് അന്വേഷണം നടത്തിയ കൺടോൺമെന്റ് പൊലീസ് സർക്കിൾ ഇൻസ്പെക്ടറാണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി മൂന്നിൽ കുറ്റപത്രം സമർപ്പിച്ചത്. സ്വപ്ന സുരേഷും വ്യാജ രേഖയുണ്ടാക്കിയ സച്ചിൻ ദാസും മാത്രമാണ് പ്രതികൾ. സ്വപ്നക്ക് ജോലി കൊടുത്തതിന്‍റെ പേരിൽ നേരത്തെ സർക്കാർ സസ്പെൻഡ് ചെയ്ത എം ശിവശങ്കറിനെ പൂർണ്ണമായും വെള്ളപൂശിയാണ് കുറ്റപത്രം. എം ശിവശങ്കറിനെ സാക്ഷി പട്ടികയിൽ പോലും ഉൾപ്പെടുത്തിയിട്ടില്ല. എഫ്ഐആറിൽ ഉണ്ടായിരുന്ന പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ, വിഷൻ ടെക്നോളജി എന്നിവരെയും ഒഴിവാക്കി.

വ്യാജ നിയമനം ശിവശങ്കറിന്റെ അനുമതിയോടെയാണെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. ശിവശങ്കറിനെയും കൺസൾട്ടൻസികളെയും രക്ഷപ്പെടുത്തിയാണ് കുറ്റപത്രം. മുംബൈ ആസ്ഥമായ ബാബ സാഹിബ് അംബേക്കർ സർവ്വകലാശാലയുടെ പേരിലാണ് സർട്ടിഫിക്കറ്റുണ്ടാക്കിയത്. ശിവശങ്കറിന്റെ അറിവോടെയാണ് നിയമനമെന്ന സ്വപ്നയുടെ വെളിപ്പെടുത്തൽ പൊലീസ് പരിശോധിച്ചില്ല. വ്യാജ ബിരുദം നൽകിയാണ് ഐടി വകുപ്പിന് കീഴിലെ സ്പെയ്സ് പാർക്കൽ സ്വപ്ന നിയമനം നേടിയത്.

Signature-ad

കുറ്റപത്രത്തിലെ പ്രധാന കണ്ടെത്തലുകൾ ഇങ്ങനെ

മഹാരാഷ്ട്രയിലെ ഡോ. ബാബാസാഹേബ് അബേദ്ക്കർ ടെക്നോജിക്കൽ യൂണിവേഴ്സിറ്റിയുടെ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കെ എസ് ഐ ടി എല്ലിൽ സ്വപ്ന ജൂനിയർ കൺസൾട്ടന്റ് തസ്തികയിൽ ജോലി തരപ്പെടുത്തിയത്.

സ്വർണ്ണക്കടത്ത് കേസ് പുറത്ത് വന്നതിന് പിന്നാലെ സ്വപ്നയുടെ ബിരുദത്തെ സംബന്ധിച്ച് സംശയം തോന്നിയ സർക്കാർ ബിരുദം വ്യാജമാണോ എന്നാന്വേഷിക്കാൻ കെ എസ് ഐ ടി എല്ലിനോട് ആവശ്യപ്പെടുകയായിരുന്നു.

പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് നൽകിയ ഉപകരാർ ഉപയോഗിച്ച് വിഷൻ ടെക്നോജീസിന്റെ ജീവനക്കാരിയായിട്ടാണ് സ്വപ്ന സുരേഷ് കെ എസ് ഐ ടി എല്ലിൽ ജോലി ചെയ്ത് വന്നിരുന്നത്.

20.7.2022 ൽ ഡോ. ബാബാസാഹേബ് അബേദ്ക്കർ ടെക്നോജിക്കൽ യൂണിവേഴ്സിറ്റിയുടെ രജിസ്ട്രാർ ഇത്തരം ഒരു ഡിഗ്രി തങ്ങൾ നൽകിയിട്ടില്ലെന്ന് കൺടോൺമെന്റ് പോലീസിനെ ഇ – മെയിലൂടെ അറിയിച്ചു. മാത്രമല്ല ഈ യൂണിവേഴ്സിറ്റിയിൽ കോമേഴ്സ് കോഴ്സ് തങ്ങൾ നടത്തുന്നില്ലെന്നും, സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന രജിസ്ട്രർ നമ്പരും, റോൾ നമ്പരും യൂണിവേഴ്സിറ്റി പ്രിന്റ് ചെയ്ത് നൽകുന്ന സർട്ടിഫിക്കറ്റിന്റെ ഫോർമാറ്റിലുളളതല്ലെന്നും അറിയിച്ചിട്ടുണ്ട്. ആ വർഷമോ അതിന് അടുത്ത വർഷങ്ങളിലോ സ്വപ്ന സുരേഷ് എന്ന പേരിൽ ഒരു വിദ്യാർത്ഥി ഈ യൂണിവേഴ്സിറ്റിയിൽ പഠിച്ചിട്ടില്ലെന്നും പൊലീസിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. സ്വപ്നയുടെ വ്യാജ സർട്ടിഫിക്കറ്റിലെ സീരിയൽ നമ്പർ 104686 ഫോർമാറ്റ് യൂണിവേഴ്സിറ്റിയുടെതിന് തതുല്യമല്ലെന്നും രജിസ്ട്രാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. യൂണിവേഴ്സിറ്റിയുടെ കൺട്രോളർ ഓഫ് എക്സാമിനേഷൻ യോഗേഷ് പാട്ടീൽ ഇതേ കാര്യങ്ങൾ അന്വേഷണ സംഘത്തോട് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ഇടനിലക്കാരനായ രാജേന്ദ്രൻ തന്റെ അക്കൗണ്ടിൽ നിന്ന് 32000 രൂപ പ്രതിയുടെ അമൃത്സറിലെ ബാങ്ക്അക്കൗണ്ടിലേക്ക് അയച്ചതിനെ പറ്റി പൊലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്.

സച്ചിൻ ദാസിന്റെ പഞ്ചാബിലെ വസതി പരിശോധിച്ച് കേസിന് ആവശ്യമായ തെളിവുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചിരിക്കുകയാണ്

സച്ചിൻ ദാസ്, ദീക്ഷിത് മെഹറ, എന്നീവർ ചേർന്ന് ആണ് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചിരിക്കുന്നത്. വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച ശേഷം അത് രാജേന്ദ്രൻ കൈപറ്റുകയും പിന്നീട് അത് സ്വപ്ന അഭിമുഖത്തിന്റെ സമയത്ത് കെഎസ്ഐടിഎല്ലിൽ സമർപ്പിക്കുകയും ആണ് ചെയ്തിരിക്കുന്നത്.

സർട്ടിഫിക്കറ്റിന്റെ ഒർജിനൽ സ്വപ്ന സുരേഷ് നശിപ്പിച്ച് കളഞ്ഞു എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സ്വപ്നക്കെതിരെ ഐപിസി 201 കൂടി ചുമത്തിയിട്ടുണ്ട്. സ്വപ്ന സുരേഷ് കെ എസ് ഐ ടി എല്ലിൽ ജൂനിയർ കൺസൾട്ടന്റ് തസ്തികയിൽ ജോലി തരപ്പെടുത്തിയത് വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണെന്നും അത് നിർമ്മിച്ച് നൽകിയത് സച്ചിൻദാസ് ആണെന്നും കുറ്റപത്രത്തിൽ പറയുന്നു. നിരവധി സാക്ഷി മൊഴികളും,രഹസ്യമൊഴികളും പല സ്ഥലലങ്ങളില്‌ നിന്ന് പിടിച്ചെടുത്ത രേഖകളും ഉൾപ്പെടുന്നതാണ് കുറ്റപത്രം.

 

Back to top button
error: