CrimeNEWS

അവാർഡ് വാങ്ങാൻ പോയ പോലീസ് തിരികെയെത്തിയത് ‘ഒരു വൻമൊതലു’മായി; കോടികൾ വിലവരുന്ന ഏലക്കയും പണവും തട്ടിയെടുത്ത കിളിമാനൂർ സ്വദേശി പിടിയിൽ

കട്ടപ്പന: സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള പലരിൽ നിന്നായി കോടികൾ വിലവരുന്ന ഏലക്കയും പണവും തട്ടിയെടുത്തയാളെ കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോൻറെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. കിളിമാനൂർ സ്വദേശി ജിനീഷാണ് പിടിയിലായത്. വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ അവാർഡ് വാങ്ങാൻ തിരുവനന്തപുരത്തേക്ക് പോയപ്പോഴാണ് പൊലീസ് സംഘം പ്രതി തലസ്ഥാനത്തുള്ള വിവരം അറിയുന്നത്. പിന്നീട് പൊലീസ് തിരുവനന്തപുരത്ത് നിന്നും ജിനീഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇടുക്കിയിലെ കട്ടപ്പന, കുമളി എന്നിവിടങ്ങളിലെ ഏലക്ക വ്യാപാരികളിൽ നിന്നടക്കമാണ് കോടിക്കണക്കിന് രൂപയുടെ ഏലയ്ക്ക വാങ്ങിയ ശേഷം കിളിമാനൂർ ജിഞ്ചയ നിവാസിൽ ജിനീഷ് മുങ്ങിയത്. കട്ടപ്പന സ്വദേശിയായ ഏലയ്ക്കാ വ്യാപാരിയിൽ നിന്നും 75 ലക്ഷം രൂപയുടെയും കുമളി സ്വദേശിയായ വ്യാപാരിയുടെ പക്കൽ നിന്നും നിന്നും 50 ലക്ഷം രൂപയുടെയും ഏലയ്ക്കയാണ് ജിനീഷ് തട്ടിയെടുത്തത്. ഏലയ്ക്കയുടെയും കുങ്കുമപൂവിൻറെയും കയറ്റുമതിക്കാരനാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

ആദ്യം ചെറിയ തുക അഡ്വാൻസായി നൽകും. സാധനം നൽകിക്കഴിഞ്ഞ് പണം ലഭിക്കാതെ വന്നതോടെ വ്യാപാരികൾ ഇയാളെ ബന്ധപ്പെട്ടു. പണം നൽകുന്നതിൽ പ്രശ്നമുണ്ടെന്ന് പറഞ്ഞ് വ്യാജ ബാങ്ക് ഗ്യാരന്‍റി നൽകി. ഖത്തറിൽ ജോലി ചെയ്യുന്നതിനിടെ മലയാളിയിൽ നിന്നും നാലരക്കോടി രൂപ തട്ടിയ കേസിലും ജിനീഷ് പ്രതിയാണ്. കോട്ടയം ഗാന്ധി നഗർ സ്വദേശിയിൽ നിന്നും ഒരു കോടി രൂപയും മറ്റൊരാളിൽ നിന്ന് മൂന്നരക്കോടി രൂപയും തട്ടിയെടുത്തിട്ടുണ്ടെന്നും പരാതിയുണ്ട്. കയറ്റുമതിക്കാവശ്യമായ ഗുണനിലവാരമുള്ള ഏലക്ക നൽകാമെന്ന് പറഞ്ഞ് വെസ്റ്റ് ബംഗാൾ സ്വദേശിയിൽ നിന്നും അഞ്ച് ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചു.

വയനാട് ബ്രഹ്മഗിരി സൊസൈറ്റിയിൽ നിന്നും രണ്ടുകോടി രൂപയുടെ കുരുമുളകും ജിനീഷ് വാങ്ങിയിട്ടുണ്ട്. കോഴിക്കോടുള്ള വിദേശ മലയാളിയിൽ നിന്നും 60 ലക്ഷം രൂപയും വിദേശത്ത് എത്തിക്കാമെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശികളിൽ നിന്നും 15 ലക്ഷം രൂപയും ജിനീഷ് തട്ടിയെടുത്തു. വിവിധ മേഖലയിലെ നാല്പതോളം ആളുകളുടെ പാസ്പോർട്ട് സഹിതമുള്ള രേഖകൾ വാങ്ങി തിരികെ നൽകാതെയും ഇയാൾ വഞ്ചിച്ചിട്ടുണ്ട്.

തിരുവനന്തപുരം സ്വദേശികളായ പലരിൽ നിന്നും നാലു കാറുകൾ വാടകക്കെടുത്ത് വ്യാജരേഖ ഉണ്ടാക്കി പണയം വെച്ച് പണം തട്ടിയ കേസിലും ഇയാൾ പ്രതിയാണ്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ആലപ്പുഴ തൃക്കുന്നപ്പുഴ കബീര്‍ മന്‍സില്‍ സിനി എന്നറിയപ്പെടുന്ന സജി കബീറിനെ നേരത്തെ കുമളി പൊലീസ് പിടികൂടിയിരുന്നു. ജിനീഷ് പിടിയിലായതറിഞ്ഞ് കൂടുതൽ പേർ പരാതിയുമായി പൊലീസിനെ സമീപിക്കുന്നുണ്ട്.

Back to top button
error: