പീഡനക്കേസുകളിലെ ‘രണ്ടുവിരല്‍ പരിശോധന’ വേണ്ട: സുപ്രീംകോടതി
ന്യൂഡല്‍ഹി: ലൈംഗികാതിക്രമത്തെ അതിജീവിക്കുന്ന പെണ്‍കുട്ടികളെ ‘രണ്ടുവിരല്‍’ പരിശോധനയ്ക്ക് വിധേയമാക്കുന്നതു നിരോധിച്ച് സുപ്രീം കോടതി. ഇത്തരം പരിശോധനകള്‍ ആരെങ്കിലും നടത്തിയാല്‍ അവരെ ക്രിമിനല്‍ കുറ്റം ചുമത്തി വിചാരണ ചെയ്യണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ‘രണ്ടു വിരല്‍’ പരിശോധന അശാസ്ത്രീയവും അതിജീവിതകളുടെ സ്വകാര്യത, അന്തസ്സ് എന്നീ അവകാശങ്ങളെ ഹനിക്കുന്നതുമാണെന്ന വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് സുപ്രീം കോടതിയുടെ ഇടപെടല്‍.
അതിജീവിതയുടെ ലൈംഗിക ചരിത്രവുമായി ബന്ധപ്പെട്ട തെളിവുകള്‍ കേസില്‍ പ്രധാനപ്പെട്ടതല്ല. ഇന്നും ഈ പരിശോധനകള്‍ തുടരുന്നത് തികച്ചും ഖേദകരമാണ്’ ഒരു കേസുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോള്‍ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കി. ‘രണ്ടു വിരല്‍’ പരിശോധന നടത്തുന്നവരെ പെരുമാറ്റ ദൂഷ്യവുമായി ബന്ധപ്പെട്ട് കുറ്റക്കാരായി കണക്കാക്കുമെന്നും കടുത്ത നടപടിയുണ്ടാകുമെന്നും സുപ്രീം കോടതി പറഞ്ഞു.
മെഡിക്കല്‍ കോളജുകളിലെ പാഠഭാഗങ്ങളില്‍നിന്ന് ‘രണ്ടു വിരല്‍’ പരിശോധനയുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ നീക്കം ചെയ്യാനും കോടതി ഉത്തരവിട്ടു. രണ്ടു വിരല്‍ പരിശോധന ഭരണഘടനാ വിരുദ്ധമാണെന്ന് 2013 ല്‍ ത്തന്നെ സുപ്രീ കോടതി വ്യക്തമാക്കിയതാണ്. ഈ പരിശോധന പാടില്ലെന്നും ഇതില്‍ നിന്നു മെഡിക്കല്‍ വിദഗ്ധരെ തടയണമെന്നും മദ്രാസ് ഹൈക്കോടതി സര്‍ക്കാരിനോട് നേരത്തേ ഉത്തരവിട്ടിരുന്നു.