തിരുവനന്തപുരം: നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലടക്കം പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് മുന്‍പില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തുന്ന വിരുതന്‍ പോലീസിന്റെ പിടിയില്‍. കഴിഞ്ഞ ദിവസം ഇയാളുടെ പ്രദര്‍ശനത്തിന് ഇരയായ നഗരത്തിലെ ഷോപ്പിങ് മാള്‍ ജീവനക്കാരിയുടെ ഇടപെടലിലാണ് പ്രതി പിടിയിലായത്. പോത്തന്‍കോട് സ്വദേശി സുധീഷ് രാഘവനെയാണ് (34) പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്നലെ രാവിലെ എട്ടിന് ജോലി സ്ഥലത്തേക്ക് പരാതിക്കാരിയുള്‍പ്പെടെയുള്ള പെണ്‍കുട്ടികള്‍ ഒരുമിച്ച് നടന്നുപോകുമ്പോഴായിരുന്നു ബൈക്കിലെത്തിയ ഇയാള്‍ കരിക്കകം വെണ്‍പാലവട്ടം അടിപ്പാതയുടെ താഴെവച്ച് നഗ്നതാപ്രദര്‍ശനം നടത്തിയത്. തുടര്‍ന്ന് പേട്ട സ്റ്റേഷനിലെത്തിയ യുവതി ഇയാളെത്തിയ വാഹനത്തിന്റെ രൂപവും നമ്പറിന്റെ ചില അക്കങ്ങളും സൂചിപ്പിച്ച എസ്.എച്ച്.ഒയ്ക്ക് പരാതി നല്‍കുകയായിരുന്നു.
വാഹനത്തിന്റെ നമ്പരുകളും സി.സി ടിവി ക്യാമറ ദൃശ്യങ്ങളും പരിശോധിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സുധീഷിനെ പിടികൂടാന്‍ സാധിച്ചത്. വാഹനത്തിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തിരുവനന്തപുരം കല്ലറയ്ക്കടുത്താണ് പ്രതിയുടെ സ്ഥലമെന്ന് പേട്ട പൊലീസ് കണ്ടെത്തി.
ഇതിന് പിന്നാലെ കല്ലറ പോസ്റ്റോഫീസ് വഴിയുള്ള അന്വേഷണത്തില്‍ പ്രതിയുടെ ഭാര്യയുടെ നമ്പര്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍, അതിലേക്ക് വിളിച്ചെങ്കിലും ഭാര്യ ഫോണെടുത്തില്ല. തുടര്‍ന്ന് ട്രൂകോളര്‍ ആപ്പില്‍ സുധീഷ് ഷവര്‍മ്മ എന്ന പേരും പോത്തന്‍കോടുള്ള ഹോട്ടലിന്റെ ചിത്രവും ലഭിച്ചതോടെയാണ് പ്രതിയെ തിരിച്ചറിയുന്നത്.
പോത്തന്‍കോടുള്ള ഒരു ബേക്കറിയിലെ ഷവര്‍മ്മ മേക്കറാണ് പ്രതിയെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതോടെ പോലീസ് സംഘം മഫ്തിയില്‍ അവിടെയെത്തി സുധീഷിനെ കൈയോടെ പിടികൂടി. വൈകിട്ട് ആറോടെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് പരാതിക്കാരിയായ യുവതി മടങ്ങിയത്.
പ്രതി പലസമയങ്ങളിലും പൊതുസ്ഥലങ്ങളിലടക്കം സമാനമായ രീതിയില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയിരുന്നെങ്കിലും ആരും തന്നെ പരാതിപ്പെടാന്‍ തയ്യാറായിരുന്നില്ല. 2017 ല്‍ തമ്പാനൂര്‍ സ്റ്റേഷന്‍ പരിധിയില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയതിന് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത പ്രതിയെ റിമാന്‍ഡ് ചെയ്തു.