ന്യൂഡൽഹി:ഡല്‍ഹി വികസന സമിതിയും ഡല്‍ഹി പൊലീസും ചേര്‍ന്ന് 25 മുസ്‍ലിം വീടുകള്‍ കൂടി പൊളിച്ചുനീക്കി. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് വിശ്വാസികള്‍ പോയ സമയം നോക്കിയാണ് അധികൃതര്‍ വീടുകള്‍ തകര്‍ക്കാന്‍ എത്തിയത്.
ഖരക് റിവാര സത്ബാരി മേഖലയിലാണ് സംഭവം. സംഭവത്തിനിടെ ഏതാനും സ്ത്രീകള്‍ക്ക് പൊലീസ് ക്രൂരത നേരിട്ടതായി സ്ഥിതിഗതികള്‍ വിലയിരുത്താനെത്തിയ സന്നദ്ധ പ്രവര്‍ത്തകരിലൊരാള്‍ പറഞ്ഞതായി മക്തൂബ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. ഭൂമി സ്വകാര്യ ഇടപാടുകാരന്റെതാണെന്നാണ് പൊലീസ് അവകാശപ്പെട്ടെന്നും തുടര്‍ന്ന് മുന്നറിയിപ്പില്ലാതെ തകര്‍ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉത്തര്‍പ്രദേശിലെ മുസ്‌ലിംകളുടേതിന് സമാനമായ അധികാരികളുടെ രോഷം നേരിടേണ്ടിവരുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ താമസക്കാരോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ആം ആദ്മി പാര്‍ട്ടി നേതാവ് കര്‍ത്താര്‍ സിംഗാണ് പ്രദേശത്തെ എം.എല്‍.എ. അദ്ദേഹവും വിഷയത്തില്‍ ഇതുവരെ താമസക്കാര്‍ക്കായി ഇടപെട്ടിട്ടില്ല.