IndiaNEWS

പെണ്‍മക്കള്‍ക്ക് മുന്നില്‍ എനിക്ക് മാതൃകയാകണം; സ്റ്റാലിനെതിരേ ആഞ്ഞടിച്ച് ഖുശ്ബു

ചെന്നൈ: തനിക്കെതിരേ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയ ഡി.എം.കെ നേതാവിനെ തിരുത്താതെ മൗനം തുടരുന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെതിരെ വിമര്‍ശനവുമായി നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു. ഡിഎംകെ നേതാവിന്റെ അപമാനകരമായ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് സ്റ്റാലിന്‍ തനിക്കൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, എന്തുകൊണ്ടാണ് അദ്ദേഹം ഇപ്പോഴും മൗനം പാലിക്കുന്നതെന്നും ഖുശ്ബു ചോദിച്ചു.

ഡി.എം.കെ നേതാവ് സെയ്ദായ് സിദ്ദിഖ് നടത്തിയ വിവാദ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് ഡി.എം.കെ നേതാവും എംപിയുമായ കനിമൊഴി, ഖുശ്ബുവിനോടു ഖേദം പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്റ്റാലിന്റെ മൗനത്തിനെതിരെ താരം രംഗത്തെത്തിയത്. ബിജെപി നേതാക്കളും നടിമാരുമായ ഖുശ്ബു, നമിത, ഗൗതമി, ഗായത്രി രഘുറാം എന്നിവരെ ഒരു പരിപാടിയില്‍ സംസാരിക്കുമ്പോള്‍ സെയ്ദായി സിദ്ദിഖ് ‘ഐറ്റങ്ങള്‍’ എന്നു വിശേഷിപ്പിച്ചതാണ് വിവാദമായത്.

”തമിഴ്‌നാട്ടില്‍ താമര വിരിയുമെന്നാണ് ഖുശ്ബു പറയുന്നത്. അമിത് ഷായുടെ തലയില്‍ മുടി വളര്‍ന്നാലും തമിഴ്‌നാട്ടില്‍ താമര വിരിയുമെന്ന് തോന്നുന്നില്ല’ എന്നും സിദ്ദിഖ് പ്രസംഗിച്ചിരുന്നു. വിവാദ പരാമര്‍ശം നടത്തിയ ഡിഎംകെ നേതാവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നു ഖുശ്ബു വ്യക്തമാക്കി. അദ്ദേഹത്തിന്റെ പരാമര്‍ശത്തിനെതിരെ പോകാവുന്ന ഇടങ്ങളിലെല്ലാം ഞാന്‍ പോകും. എന്റെ വ്യക്തിത്വവും അന്തസ്സും കാത്തുസൂക്ഷിക്കുന്നതിന് അയാള്‍ക്കെതിരെ പരാതിയും നല്‍കും ഖുശ്ബു പറഞ്ഞു.

ഡിഎംകെ നേതാവിന്റെ പരാമര്‍ശങ്ങള്‍ തികച്ചും വ്യക്തിപരമായാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് ഖുശ്ബു ചൂണ്ടിക്കാട്ടി. ”ഈ പരാമര്‍ശങ്ങള്‍ നടത്തിയതിലൂടെ അയാള്‍ അങ്ങേയറ്റം അധപ്പതിച്ചിരിക്കുന്നു. 22 ഉം 19 ഉം വയസ്സുള്ള എന്റെ പെണ്‍മക്കള്‍ ഇക്കാര്യത്തില്‍ എന്നെ ചോദ്യം ചെയ്യും. അവര്‍ക്കു മുന്നില്‍ എനിക്ക് മാതൃകയായിരിക്കേണ്ടതുണ്ട്. പൊതുവേദിയില്‍ വച്ചാണ് ഡിഎംകെ നേതാവ് എനിക്കെതിരെ ഈ അപമാന പരാമര്‍ശങ്ങള്‍ നടത്തിയത്.

ഖുശ്ബുവിനെ കിട്ടാന്‍ എളുപ്പമാണ് എന്നല്ലേ അയാള്‍ പറഞ്ഞത്? അയാള്‍ എന്നെ പരസ്യമായി വേശ്യയെന്നു വിളിച്ചു. എനിക്ക് മുഖ്യമന്ത്രിയോട് ഒറ്റക്കാര്യമേ ചോദിക്കാനുള്ളൂ. എന്റെ പാര്‍ട്ടിയില്‍പ്പെട്ട ആരെങ്കിലുമാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയിരുന്നതെങ്കില്‍ അദ്ദേഹം ഇതുപോലെ മൗനം പാലിക്കുമായിരുന്നോ?” ഖുശ്ബു ചോദിച്ചു.

 

 

Back to top button
error: