NEWSWorld

അഞ്ച് മണിക്കൂറിൽ താഴെയാണോ ഉറക്കം…? അമ്പതാം വയസ്സിൽ പല മാറാരോഗങ്ങളും ബാധിക്കാൻ സാദ്ധ്യത

ഉറക്കക്കുറവ് ഗുരുതരമായ പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും എന്നത് പുതിയ അറിവല്ല. മൾട്ടിനാഷണൽ കമ്പനികളിൽ ജോലി ചെയ്യുന്ന ഐ.ടി പ്രൊഫഷണലുകളാണ് വിശ്രമമില്ലാതെ ജോലി ചെയ്യുന്ന കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്നത്. ഇവർക്ക് ഉറങ്ങാൻ കിട്ടുന്ന സമയം രണ്ടോ മൂന്നോ മണിക്കൂർ മാത്രമായിരിക്കും. വേണ്ടത്ര സമയം ഉറക്കം ലഭിക്കാത്തവർക്ക് ബ്ലഡ് പ്രഷർ അനുബന്ധരോഗങ്ങൾ ബാധിക്കാൻ സാധ്യത ഏറെയാണ്.

ദിവസവും അഞ്ച് മണിക്കൂർ പോലും ഉറങ്ങാൻ പറ്റാത്തവരാണോ നിങ്ങൾ…? എങ്കിൽ അമ്പതാം വയസ്സിൽ നിങ്ങളെ കാത്തിരിക്കുന്നത് മാറാരോഗങ്ങളെന്ന് പഠനം. ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളജ് ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്, അഞ്ച് മണിക്കൂറിൽ താഴെ മാത്രം ഉറങ്ങുന്നവർക്ക് അമ്പത് വയസ്സോടടുക്കുമ്പോൾ ഹൃദ്രോഗം, പ്രമേഹം, ക്യാൻസർ, പക്ഷാഘാതം, വാതം എന്നീ രോഗങ്ങളിൽ ഏതെങ്കിലും തീർച്ചയായും ഉണ്ടാകും എന്നാണ്.
ഏഴ് മണിക്കൂർ ശരാശരി ഉറക്കം ലഭിക്കുന്നവരേക്കാൾ മാറാരോഗങ്ങളുണ്ടാകാനുള്ള സാധ്യത കുറച്ച് സമയം മാത്രം ഉറങ്ങുന്നവരിൽ 20 ശതമാനം കൂടുതലാണെന്നും ഉറക്കക്കുറവ് അകാലമരണത്തിന്റെ സാധ്യത വർധിപ്പിക്കുമെന്നും പിഎൽഒഎസ് മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം കൂട്ടിച്ചേർക്കുന്നു. ഉറക്കക്കൂടുതൽ കൊണ്ട് എന്തെങ്കിലും പ്രശ്‌നങ്ങൾ  ഉണ്ടാകുമോ എന്നു ഗവേഷകർ നിരീക്ഷിച്ചെങ്കിലും ഇതിൽ കാര്യമായ കുഴപ്പങ്ങളൊന്നും കണ്ടെത്താനായില്ല. ദിവസവും ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറക്കം ലഭിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഇതിൽ കുറവ് ഉറക്കം പല ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിക്കുമെന്ന് നേരത്തെയും പഠനങ്ങളുണ്ടായിട്ടുണ്ട്.

Signature-ad

ഉറക്കവും ആരോഗ്യവും തമ്മിൽ ബന്ധമുണ്ട്. മനോഹരമായ ചർമം, ദഹനം, മാനസികാരോഗ്യം, രക്തസമ്മർദം എന്നിവ നിലനിർത്താൻ മതിയായ ഉറക്കം ആവശ്യമാണ്. എന്നാൽ ഇപ്പോഴത്തെ മോശം ജീവിതശൈലി ആളുകളുടെ ഉറക്കത്തെ വളരെയധികം ബാധിക്കുന്നുണ്ട്.

രാത്രിയിൽ ഗാഢനിദ്രയുടെ അഭാവം ശാരീരികവും മാനസികവുമായ ആരോഗ്യത്തെയും ബാധിക്കുന്നു. വിദഗ്ധർ പറയുന്നതനുസരിച്ച്, ദിവസം മുഴുവൻ നന്നായി പ്രവർത്തിക്കാനും ക്ഷീണം ഒഴിവാക്കാനും ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങുന്നത് എല്ലാവർക്കും വളരെ പ്രധാനമാണ്. ഇല്ലെങ്കിൽ, നമ്മുടെ ആരോഗ്യത്തെയും പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കും.

നിങ്ങൾ കൂടുതൽ ഉറങ്ങേണ്ടതുണ്ട് എന്ന് ശരീരത്തിലെ ചില അടയാളങ്ങളിൽ നിന്ന് മനസ്സിലാക്കാൻ കഴിയും.

നിങ്ങൾ നന്നായി ഉറങ്ങുമ്പോൾ, നിങ്ങളെ ഉണർത്താൻ അലാറം ക്ലോക് ആവശ്യമില്ല. ഉറക്കം പൂർത്തിയാകുമ്പോൾ, നിങ്ങൾ സ്വയം ഉണരും. എന്നാൽ അലാറം ക്ലോക് ഓഫാക്കിയതിന് ശേഷവും നിങ്ങൾക്ക് ഉറക്കമോ അലസതയോ അനുഭവപ്പെടുന്നു  എങ്കിൽ, നിങ്ങൾക്ക് കൂടുതൽ ഉറങ്ങേണ്ടതുണ്ട്.

വാഹനമോടിക്കുമ്പോൾ എപ്പോഴും മയക്കം അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഇത് കൂടുതൽ ഉറങ്ങേണ്ടതിന്റെ സൂചനയാണ്. ഈ അടയാളവും അപകടകരമാണ്. കാരണം പലപ്പോഴും അപകടങ്ങൾ സംഭവിക്കുന്നത് ഉറക്കക്കുറവ് കൊണ്ടാണെന്ന് പറയാറുണ്ട്.

ചായയോ കാപ്പിയോ ഉപയോഗിച്ച് നിങ്ങളുടെ ദിവസം ആരംഭിക്കുന്നത് നല്ലതാണ്. എന്നാൽ പകൽ ഇടയ്ക്കിടെ ചായയും കാപ്പിയും കുടിക്കുകയും കഫീൻ ആവശ്യമാണെന്ന് തോന്നുകയും ചെയ്യുന്നുവെങ്കിൽ, അത് രാത്രിയിൽ വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ല എന്നതിന്റെ ലക്ഷണമാണ്. അതിനാൽ നിങ്ങൾ കൂടുതൽ ഉറങ്ങേണ്ടതുണ്ട്.

ജോലിസ്ഥലത്ത് നിങ്ങൾ പതിവായി തെറ്റുകൾ വരുത്തുകയോ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുകയോ ചെയ്താൽ, ഇത് മോശം ഉറക്കത്തിന്റെ ലക്ഷണമാണ്.

Back to top button
error: