KeralaNEWS

എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയിൽ: ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകന്‍ രാഗം രാധാകൃഷ്ണനും 3 അഭിഭാഷകരും ഉൾപ്പടെ 4 പേരെ കൂടി കേസിൽ പ്രതി ചേര്‍ത്തു

യുവതിയെ പീഡിപ്പിച്ച കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ ഹൈക്കോടതിയിൽ. ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കും. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി എൽദോസിനു നിർദേശം നൽകിയിരുന്നു. എന്നാൽ എൽദോസ് സഹകരിക്കുന്നില്ല എന്നും ഇത് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിൽ തടസ്സമാകുന്നുവെന്നും സർക്കാർ കോടതിയിൽ വാദിച്ചു.

മാത്രമല്ല, എൽദോസിനെതിരെ ബലാത്സംഗത്തിനും വധശ്രമത്തിനും വ്യക്തമായ തെളിവുകളുണ്ട്. ഈ സാഹചര്യത്തിൽ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ് രീതി. കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.

ഇതിനിടെ എല്‍ദോസ് കുന്നപ്പിള്ളി പരാതിക്കാരിയെ ആക്രമിച്ച കേസില്‍ നാല് പേരെ കൂടി പ്രതി ചേര്‍ത്ത് പോലീസ്.     മൂന്ന് അഭിഭാഷകരെയും ഒരു ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകനെയുമാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. അഡ്വ. അലക്സ്, അഡ്വ. സുധീര്‍ , അഡ്വ. ജോസ്, ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകന്‍ രാഗം രാധാകൃഷ്ണന്‍ എന്നിവരെയാണ് കേസില്‍ പ്രതി ചേര്‍ത്തത്.

അഭിഭാഷകരുടെ ഓഫീസില്‍ വച്ച്‌ കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചുവെന്ന മൊഴിയിലാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കല്‍, കേസില്‍ നിന്നും പിന്മാറാനായി കൃത്രിമ രേഖ ചമയ്ക്കല്‍, മര്‍ദ്ദിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് എല്‍ദോസിനെതിരെ കഴിഞ്ഞ ദിവസം വഞ്ചിയൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എല്‍ദോസിനെ മാത്രം പ്രതി ചേര്‍ത്ത കേസിലാണ് നാല് പേരെ കൂടി പ്രതി ചേര്‍ത്തത്. ഈ കേസില്‍ എല്‍ദോസിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഈ മാസം 31 ന് കോടതി
വിധി പറയും. 11 കർശന ഉപാധികളോടെയാണ് തിരുവനന്തപുരം സെഷൻസ് കോടതി എൽദോസിനു മുൻകൂർ ജാമ്യം നൽകിയത്.

Back to top button
error: