IndiaNEWS

വീട്ടുജോലി ചെയ്യാൻ ആവശ്യപ്പെടുന്നത് ഗാർഹിക പീഡനമല്ല, താൽപര്യമില്ലെങ്കിൽ വിവാഹത്തിന് മുൻപ് തന്നെ വ്യക്തമാക്കണം: ബോംബെ ഹൈക്കോടതി

മുംബൈ: വിവാഹ ശേഷം വീട്ടുജോലികൾ ചെയ്യാൻ താൽപര്യമില്ലെങ്കിൽ അത് വിവാഹത്തിന് മുൻപ് തന്നെ വ്യക്തമാക്കണമെന്ന് ബോംബെ ഹൈക്കോടതി. വിവാഹശേഷം വീട്ടുജോലി ചെയ്യണമെന്ന് ആവശ്യപ്പെടുന്നത് ഗാർഹിക പീഡനമായി കാണാനാവില്ല. വിവാഹ ശേഷം വീട്ടുജോലി ചെയ്യാനാവശ്യപ്പെടുന്നതിനെ ഇന്ത്യൻ ശിക്ഷാ നിയമം 492 എ അനുസരിച്ച് കുറ്റമായി കാണാനാവില്ലെന്നും ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് വ്യക്തമാക്കി. ഗാർഹിക പീഡനവും കൊലപാതക ശ്രമവും അടക്കമുള്ള പരാതികളുമായി വിവാഹിതയായ യുവതി നന്ദേഡ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലെ എഫ്‌ഐആർ റദ്ദാക്കണമെന്ന അപേക്ഷയിലാണ് കോടതിയുടെ നിരീക്ഷണം.

വിവാഹിതയായ സ്ത്രീയോട് വീട്ടുജോലി ചെയ്യാൻ ആവശ്യപ്പെടുന്നത് കുടുംബത്തിന് വേണ്ടിയാണ്. ഇതിനെ വേലക്കാരിയെപ്പോലെ കണക്കാക്കിയെന്ന് കാണാനാവില്ല. വീട്ടുജോലി ചെയ്യാൻ താൽപര്യമില്ലെങ്കിൽ അത് വിവാഹത്തിന് മുൻപ് തന്നെ വരനെയും ബന്ധുക്കളോടും വിശദമാക്കണം. ബന്ധവുമായി മുന്നോട്ട് പോകണമോയെന്ന തീരുമാനത്തെ ഇത് സഹായിക്കും. യുവതിയുടെ പരാതിയിൽ പാത്രങ്ങൾ കഴുകുന്നതിനും വസ്ത്രങ്ങൾ കഴുകുന്നതിനും അടിച്ചുവാരുന്നതും ചെയ്യുന്നതിനായി ഭർതൃവീട്ടിൽ ജോലിക്കാരിയുണ്ടോയെന്ന കാര്യം വ്യക്തമല്ലെന്നും കോടതി നിരീക്ഷിച്ചു.

Signature-ad

ജസ്റ്റിസ് വിഭ വി.കങ്കൺവാടി ജസ്റ്റിസ് രാജേഷ് എസ്.പട്ടീൽ എന്നിവരുടെ ബെഞ്ചിന്റേതാണ് നിരീക്ഷണം. 2019 ഡിസംബറിലെ വിവാഹ ശേഷം ഭർതൃവീട്ടിൽ ജോലിക്കാരിയേപ്പോലെയാണ് കണക്കാക്കിയതെന്നും വാഹനം വാങ്ങാനായി നാല് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും അടക്കമുള്ള ആരോപണങ്ങളാണ് യുവതി നൽകിയ പരാതിയിലുണ്ടായിരുന്നത്. പിതാവിന്റെ പക്കൽ പണമില്ലാതെ വന്നതോടെ ഭർത്താവ് ശാരീരികവും മാനസികവുമായി അധിക്ഷേപിച്ചതായും യുവതി പരാതിയിൽ പറയുന്നു. ആൺകുട്ടിക്ക് ജന്മം നൽകാൻ സാധിക്കുമോയെന്ന് അറിയാനായി യുവതിയെ ഡോക്ടറുടെ പക്കൽ കൊണ്ടുപോയി, ഗർഭകാലം പൂർത്തിയായില്ലെന്ന് ഡോക്ടർ പറഞ്ഞതിനേ തുടർന്ന് ഭർതൃമാതാവും സഹോദരിയും ചേർന്ന് മർദ്ദിച്ചു, നാല് ലക്ഷം രൂപ നൽകിയാൽ മാത്രമേ ഭർത്താവിനൊപ്പം ജീവിക്കാൻ അനുവദിക്കൂവെന്ന് ഭീഷണിപ്പെടുത്തി, എന്നതടക്കമുള്ള ആരോപണങ്ങളാണ് യുവതിയുടെ പരാതിയിൽ ഉള്ളത്.

ഇതിലെ ഗാർഹിക പീഡനമെന്ന വകുപ്പ് മുംബൈ ഹൈക്കോടതി ഒഴിവാക്കി. യുവതിയുടെ പരാതിയിൽ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭർത്താവും സഹോദരിയും ഭർതൃമാതാവും കോടതിയിലെത്തിയത്. ആദ്യ ഭർത്താവിനെതിരെയും സമാനമായ ആരോപണം യുവതി നടത്തിയിരുന്നുവെന്നും ഇവർ കോടതിയെ അറിയിച്ചു. എന്നാൽ, നേരത്തെ പരാതി നൽകിയത് കൊണ്ട മാത്രം യുവതിക്ക് വ്യാജ പരാതി നൽകുന്ന ശീലമുള്ളതായി കണക്കാക്കാൻ ആവില്ലെന്ന് കോടതി നിരീക്ഷിച്ചു. യുവതിക്കെതിരായ ഇത്തരം ആരോപണങ്ങൾ ഭർത്താവ് തെളിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

യുവതിയുടെ പരാതിയിൽ ഗാർഹിക പീഡനത്തിനുള്ള വകുപ്പ് ഉൾപ്പെടുത്താനാവില്ലെന്നും കോടതി വ്യക്തമാക്കി. യുവതിയുടെ ആരോപണങ്ങൾ ശരിവയ്ക്കുന്ന തെളിവുകളുടെ അഭാവം കോടതി ചൂണ്ടിക്കാണിച്ചു. ഇതിന് പിന്നാലെ യുവാവ് കേസിലെ മറ്റ് ചാർജ്ജുകളിൽ വിചാരണ ചെയ്യപ്പെടുന്നത് നിരർത്ഥകമാണെന്നും അതിനാൽ എഫ്.ഐ.ആർ റദ്ദാക്കണമെന്നും ക്രിമിനൽ നടപടികൾ മാറ്റി വയ്ക്കണമെന്നും കോടതി വിശദമാക്കി.

Back to top button
error: