സ്വന്തം സ്‌കൂളിന് മുന്നില്‍ കപ്പലണ്ടി കച്ചവടം നടത്തി പഠനത്തിന് പണം കണ്ടെത്തുന്ന വിനിഷ എന്ന പ്ലസ് ടു വിദ്യാര്‍ഥിനി ഏവർക്കും മാതൃകയായി മാറിയിരിക്കുന്നു. ചേര്‍ത്തല കണിച്ചുകുളങ്ങരയിലെ പതിവ് കാഴ്ചയാണ് മൂന്നര മണിക്കൂര്‍ ഉന്തുവണ്ടിയില്‍ കച്ചവടം നടത്തുന്ന വിനിഷ എന്ന പെണ്‍കുട്ടി.
സ്‌കൂള്‍ വിട്ടാല്‍ രാത്രി എട്ട് മണി വരെയാണ് അമ്മ പാര്‍വതിയെ സഹായിക്കനായി വിനിഷ കച്ചവടം നടത്തുന്നത്. അധികം നേരം നിന്നാല്‍ അസഹ്യമായ കാല് വേദനകൊണ്ട് പുളയുന്ന അമ്മയ്ക്ക് സഹായമായി 14-ാം വയസില്‍ തുടങ്ങിയതാണ് വിനിഷ ഈ ജോലി.
ഉന്തുവണ്ടിയില്‍ കടലയും കപ്പലണ്ടിയും എല്ലാം ചൂടോടെ വില്‍ക്കുന്നത് കണിച്ചുകുളങ്ങര ഹയര്‍ സെക്കൻ്ററി സ്‌കൂളിന് മുന്നിലെ റോഡിരികിലാണ്. കൂലിപ്പണിക്കാരനായ അച്ഛനെ കൊണ്ട് കൂട്ടിയാല്‍ കൂടാത്തതിനാല്‍ പ്ലസ് ടുവിലെത്തിയതോടെ പഠിക്കാന്‍ പണം കണ്ടെത്തേണ്ട അവസ്ഥയായി വിനിഷയും. അങ്ങിനെ കപ്പലണ്ടി കച്ചവടം സ്ഥിരം ജോലിയായി മാറിയെന്ന് വിദ്യാര്‍ഥിനി പറയുന്നു.
വൈകിട്ട് നാലരയ്ക്ക് തുടങ്ങിയാല്‍ മടങ്ങുന്നത് രാത്രി എട്ടിനായിരിക്കും. വീട്ടിൽ ചെന്നിട്ട് വേണം വിനിഷയ്ക്ക് അടുത്ത ദിവസത്തെ ഹോം വർക്കുകൾ ചെയ്യാനും പാഠങ്ങൾ പഠിക്കാനും. എന്നാല്‍ വിനിഷയക്ക് സ്വന്തമായി വീടുമില്ല. രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള ഈ അധ്വാനം കാണുമ്പോള്‍ വഴിയെ പോകുന്ന ചിലര്‍ക്ക് ഇത് വെറും തമാശ മാത്രമെന്നാണ് വിനിഷ സങ്കടത്തോടെ പറയുന്നത്.