KeralaNEWS

ഉൾക്കാഴ്ചയുടെ വെളിച്ചവുമായി ബ്രെയിൽ വാർത്താ അവതാരകർ

പ്രകാശങ്ങളുടെയും നിറങ്ങളുടെയും ഉത്സവമാണ് ദീപാവലി. രാജ്യം മുഴുവൻ വർണ്ണാഭമായ പടക്കങ്ങളും രംഗോലികളുമൊക്കെയായി ദീപാവലി ആഘോഷിച്ചപ്പോൾ വ്യത്യസ്തമായ ഒരു ആഘോഷരീതിയുമായി ഏഷ്യാനെറ്റ് ന്യൂസ്. പ്രകാശങ്ങളും നിറങ്ങളും അന്യമായവർക്കൊപ്പമായരുന്നു ഇത്തവണ ഏഷ്യാനെറ്റ് ന്യൂസിന്റെ ദീപാവലി.

കാഴ്ച പരിമിതരായവർക്ക് ബ്രെയിൽ ലിപിയുടെ സഹായത്തോടെ വാർത്ത അവതരിപ്പിക്കാൻ അവസരം നൽകിക്കൊണ്ടാണ് ഏഷ്യാനെറ്റ് ദീപാവലി ദിനം സ്പെഷ്യലാക്കിയത്. ഇത്തരമൊരു ഉദ്യമത്തിലൂടെ ചരിത്രത്തിലിടം നേടുക കൂടി ചെയ്തു ഏഷ്യാനെറ്റ് ന്യൂസ്. മലയാളത്തിലെ ആദ്യ വാർത്താ ചാനൽ എന്നതിനൊപ്പം ബ്രെയിൽ വാർത്താ അവതാരകരെ ആദ്യമായി മലയാളത്തിന് പരിചയപ്പെടുത്തിയ ആദ്യ ചാനൽ എന്ന ഖ്യാതിയും ഇനി ഏഷ്യാനെറ്റ് ന്യൂസിന് സ്വന്തം.

തിരുവനന്തപുരത്തെ ബി.എഡ് വിദ്യാർത്ഥിനി അഞ്ജന, തിരുവനന്തപുരം സംഗീത കോളേജിലെ എംഎ മ്യൂസിക് വിദ്യാർത്ഥിനിയായ ഐശ്വര്യ, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഒന്നാംവർഷ പൊളിറ്റിക്സ് വിദ്യാർത്ഥിയായ അക്ഷയ് കൃഷ്ണ എന്നിവരാണ് ബ്രെയിൽ ലിപിയുടെ സഹായത്തോടെ വാർത്ത അവതരിപ്പിച്ചത്. ആത്മവിശ്വാസത്തോടെയുള്ള മൂവരുടെയും വാർത്താ അവതരണം പ്രേക്ഷകർക്കും പുതു അനുഭവമായി. നമസ്തേ കേരളം, ന്യൂസ് @ 1, ചുറ്റുവട്ടം എന്നീ ബുള്ളറ്റിനുകളിലാണ് മൂവരും വാർത്ത അവതരിപ്പിച്ചത്.

സംസ്ഥാനത്തെ സർവകലാശാലകളിലെ വിസി നിയമനങ്ങളെച്ചൊല്ലി ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള വാക്പോരുകൾ വാർത്തകളിൽ നിറഞ്ഞു നിന്ന ദിവസമായിട്ടുപോലും വ്യത്യസതമായ വാർത്താ അവതരണത്തിലൂടെ പ്രേക്ഷകരുടെ മനംകവരാൻ മൂവർക്കും സാധിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഏഷ്യാനെറ്റ് ന്യൂസ് ലേഖകൻമാർ റിപ്പോർട്ട് ചെയ്ത വ്യത്യസ്തമായ ദീപാവലി ആഘോഷങ്ങളെക്കുറിച്ചുള്ള വാർത്തകളും പ്രതിസന്ധികൾക്കിടയിലും തോൽക്കാതെ മുന്നേറുന്ന അതിജീവിതരെക്കുറിച്ചുള്ള സ്പെഷ്യൽ റിപ്പോർട്ടുകളും ഇവർ പ്രേഷകർക്കായി അവതരിപ്പിച്ചു. എല്ലാത്തിനും പിന്തുണയുമായി ഏഷ്യാനെറ്റ് ന്യൂസിന്റെ സ്വന്തം വാർത്താ അവതാരകരും ഒപ്പമുണ്ടായിരുന്നു.

കിട്ടിയ അവസരത്തിൽ തങ്ങളുടെ മറ്റു കഴിവുകൾ പ്രേക്ഷകർക്കായി പുറത്തെടുക്കാനും ഇവർ മടിച്ചില്ല. ഐശ്വര്യയും അഞ്ജനയും ഏഷ്യാനെറ്റ് ന്യൂസ് അവതാരകരുടെ അഭ്യർത്ഥന മാനിച്ച് പാട്ടുകൾ പാടി ഏവരെയും കൈയിലെടുത്തപ്പോൾ ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ഥിരം പ്രേക്ഷകനാണ് താനെന്നും വാർത്തകളാണ് തന്നെ ബിരുദത്തിന് പൊളിറ്റിക്സ് തെരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചതെന്നും അക്ഷയ് കൃഷ്ണ വെളിപ്പെടുത്തി. ഉൾക്കാഴ്ചയും ആത്മവിശ്വാസവുമുണ്ടെങ്കിൽ ഏതു പ്രതിസന്ധിയെയും നേരിട്ട് വിജയം വരിക്കാമെന്ന് മൂവരും കാട്ടിത്തന്നു.

പരിമിതികൾക്കതീതമായി ഏവരെയും വാർത്തയുടെ ലോകത്തിൽ ഭാഗമാക്കാനുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെ ശ്രമത്തെ പ്രേക്ഷകരും സ്വീകരിച്ചു എന്നതിന് തെളിവാണ് സമൂഹിക മാധ്യമങ്ങളിൽ ഈ വാർത്തകൾക്ക് കിട്ടുന്ന പ്രതികരണങ്ങൾ.

Back to top button
error: