ബെയ്ജിങ്: ചൈനയുടെ പ്രസിഡന്റ് പദവിയില്‍ ഷി ചിന്‍പിങ്ങിന് മൂന്നാം ഊഴം. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 205 അംഗ സെന്‍ട്രല്‍ കമ്മിറ്റി (സി.സി) പ്ലീനമാണ് ഷി ചിന്‍പിങ്ങിനെ നേതാവായി തെരഞ്ഞെടുത്തത്. ഷി അധ്യക്ഷത വഹിച്ച യോഗത്തില്‍ പുറത്തുനിന്നുള്ള 168 അംഗങ്ങളും പങ്കെടുത്തു. സൈന്യത്തിന്റെ മൊത്തത്തിലുള്ള അധികാരിയായ സെന്‍ട്രല്‍ മിലിട്ടറി കമ്മിഷന് (സി.എം.സി) ചെയര്‍മാനായും ഷിയെ തെരഞ്ഞെടുത്തു.
സി.സി യോഗം രൂപീകരിച്ച ഏഴംഗ സ്ഥിരം സമിതിയാണു (സ്റ്റാന്‍ഡിങ് കമ്മിറ്റി) രാജ്യഭരണം നിയന്ത്രിക്കുക. സമിതിയിലെ എല്ലാവരും ഷിയുടെ വിശ്വസ്തരാണ്. ഈ സമിതിയാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. ജനറല്‍ സെക്രട്ടറിയാണ് രാജ്യത്തിന്റെ പ്രസിഡന്റുമാകുക. ലോകത്തിന് ചൈനയെ ആവശ്യമുണ്ടെന്ന്, മൂന്നാം തവണയും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഷി പ്രതികരിച്ചു.
ഷിയെ വീണ്ടും നേതാവായി തെരഞ്ഞെടുക്കുന്നതിനുള്ള പാര്‍ട്ടി ഭരണഘടനാ ഭേദഗതികള്‍ ഇന്നലെ സമാപിച്ച ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചിരുന്നു. 5 വര്‍ഷം വീതമുള്ള രണ്ടു ടേം പൂര്‍ത്തിയാകുമ്പോള്‍ പ്രസിഡന്റ് സ്ഥാനമൊഴിയുന്നതാണ് മാവോയ്ക്കു ശേഷം ചൈനയിലെ കീഴ്വഴക്കം. ഇതനുസരിച്ച് പ്രധാനമന്ത്രി ലി കെച്യാങ് അടക്കം 10 വര്‍ഷം പൂര്‍ത്തിയാക്കിയ എല്ലാവരെയും ഒഴിവാക്കിയപ്പോഴാണ് ഷി ചിന്‍പിങ്ങിനെ പാര്‍ട്ടി ‘പരമാധികാരി’യായി അവരോധിച്ചത്.
മാവോ സെദൂങ്ങിന് തുല്യനായ നേതാവായി ഷി ഇതോടെ ഉയര്‍ത്തപ്പെട്ടു. പാര്‍ട്ടി ഭരണഘടനയിലൂടെ സ്ഥാനം ഉറപ്പിച്ചതോടെ ആജീവനാന്തം അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തു തുടരുമെന്നാണു വിലയിരുത്തല്‍. ആജീവനാന്ത പ്രസിഡന്റായിരുന്ന മാവോയ്ക്കു ശേഷം 10 വര്‍ഷ കാലാവധി പിന്നിട്ട ആരും ചൈനയില്‍ ഭരണത്തലപ്പത്തിരുന്നിട്ടില്ല.