IndiaNEWS

നെഹ്റു കുടുംബവുമായി ബന്ധമുള്ള സന്നദ്ധ സംഘടനകളുടെ വിദേശ ഫണ്ടിങ് ലൈസന്‍സ് കേന്ദ്രം റദ്ദാക്കി

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ (ആര്‍.ജി.എഫ്), രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് (ആര്‍.ജി.സി.ടി) തുടങ്ങി നെഹ്റു കുടുംബവുമായി ബന്ധമുള്ള സര്‍ക്കാരിതര സന്നദ്ധ സംഘടനകളുടെ വിദേശ ഫണ്ടിങ് ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. വിദേശ സംഭാവനകളില്‍ ക്രമക്കേട് ആരോപിച്ചാണ് നടപടി.

രാജീവ് ഗാന്ധി ഫൗണ്ടേഷന്റേയും രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിന്റേയുമടക്കമുള്ള വിദേശ സംഭാവനകളിലെ ക്രമക്കേട് ആരോപണത്തില്‍ സിബിഐ അന്വേഷണത്തിന് കേന്ദ്രം ഉത്തരവിട്ടേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

Signature-ad

നെഹ്റു കുടുംബവുമായി ബന്ധപ്പെട്ട സന്നദ്ധ സംഘടനകള്‍ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ 2020-ല്‍ ആഭ്യന്തര മന്ത്രാലയം മന്ത്രിതല സമിതി രൂപവത്കരിച്ചിരുന്നു. ഈ സമിതിയുടെ അന്വേഷണത്തിന് ശേഷമാണ് വിദേശ സംഭാവനകള്‍ക്കുള്ള ലൈസന്‍സ് റദ്ദാക്കല്‍ നടപടി.

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയാണ് രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ മേധാവി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മുന്‍ ധനമന്ത്രി പി.ചിദംബരം തുടങ്ങിയവര്‍ ഈ ഫൗണ്ടേഷനില്‍ അംഗങ്ങളാണ്. രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിനേയും നയിക്കുന്നത് സോണിയയാണ്.

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ രേഖകളിലെ കൃത്രിമം, ഫണ്ട് ദുരുപയോഗം, ചൈന ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് പണം സ്വീകരിക്കുമ്പോള്‍ കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ ആരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്.

രാജ്യത്തെ അധഃസ്ഥിതരായ ജനങ്ങളുടെ, പ്രത്യേകിച്ച് ഗ്രാമങ്ങളിലെ പാവപ്പെട്ടവരുടെ വികസന ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനാണ് 2002-ലാണ് രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാപിതമായത്.

Back to top button
error: