KeralaNEWS

സി.പി.എമ്മില്‍ സോക്കര്‍ പോര് കനത്തു; ചേരിതിരിഞ്ഞ് നേതാക്കള്‍

തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റ് അടുത്തെത്തിയതോടെ ആരാധകരില്‍ ആവേശം നിറഞ്ഞു. ലോകകപ്പില്‍ സി.പി.എമ്മിലെ ‘വിഭാഗീത’യയും ശക്തമായി. ‘ഇത്തവണ ബ്രസീല്‍ പിടിക്കുമെന്ന’ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റാണ് പാര്‍ട്ടിയിലെ സോക്കര്‍ പോര് മറ നീക്കി പുറത്തുകൊണ്ടുവന്നത്.

മുന്‍ മന്ത്രിമാരായ എം.എം മണിയെയും കടകംപള്ളി സുരേന്ദ്രനെയും ടാഗ് ചെയ്തുകൊണ്ടായിരുന്നു ശിവന്‍കുട്ടിയുടെ പോസ്റ്റ്. ഇതിലേക്ക് കടന്നാക്രമണവുമായി അര്‍ജന്റീനന്‍ ആരാധകരായ സി.പി.എം നേതാക്കളെത്തി.

Signature-ad

”ബ്രസീല്‍ തിരിച്ചുള്ള ആദ്യ ഫ്ലൈറ്റ് പിടിക്കാതിരിക്കട്ടെ, സെമിവരെയെങ്കിലും എത്തണേ” എന്നായിരുന്നു കടുത്ത അര്‍ജന്റീന ആരാധകനായ എം.എം മണിയുടെ പ്രതികരണം. ”ഈ കപ്പ് കണ്ട് പനിക്കണ്ട സഖാവേ, ഇത് ഞാനും മണിയാശാനും കൂടി ഇങ്ങ് എടുത്തു” എന്ന് വി.കെ പ്രശാന്ത് എം.എല്‍.എയും അഭിപ്രായപ്പെട്ടു.

ഇവര്‍ക്ക് പിന്തുണയുമായി തിരുവമ്പാടി എം.എല്‍.എ ലിന്റോ ജോസഫും കല്യാശേരി എം.എല്‍.എ എം വിജിനും രംഗത്തെത്തി. ഇതോടെ ഒറ്റപ്പെട്ട ശിവന്‍കുട്ടിയെ പിന്തുണച്ച് സച്ചിന്‍ ദേവ് എം.എല്‍.എയെത്തി. എന്നാല്‍ രണ്ടു കൂട്ടരെയും തള്ളിക്കൊണ്ടാണ് കുന്നത്തുനാട് എം.എല്‍.എ പി.വി ശ്രീനിജന്റെ വരവ്. ”കപ്പ് മഞ്ഞക്കുമില്ല, നീലക്കുമില്ല. ഇംഗ്ലണ്ടിനുതന്നെ” ശ്രീനിജന്‍ വ്യക്തമാക്കി.

സി.പി.എം നേതാക്കളുടെ സോക്കര്‍ യുദ്ധം മുറുകുന്നതിനിടെ, ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജനും നിലപാട് പ്രഖ്യാപിച്ച് കളത്തിലെത്തി. ”കോപ്പ അമേരിക്ക കീഴടക്കി, ഫൈനലിസിമയും നേടി, അര്‍ജന്റീന തന്നെ ലോകകപ്പിലും മുത്തമിടും, വാമോസ് അര്‍ജന്റീന” ജയരാജന്‍ നയം വ്യക്തമാക്കി. എന്നാല്‍, ജയരാജനെ തള്ളിക്കളഞ്ഞ മന്ത്രി ശിവന്‍കുട്ടി, ”ഇക്കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ല സഖാവേ” എന്ന് വ്യക്തമാക്കുകയും ചെയ്തു.

 

 

 

Back to top button
error: