ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയിലെ പൊതു വിദ്യാലയങ്ങള്‍ക്ക് ദീപാവലി ദിനത്തില്‍ അവധി പ്രഖ്യാപിച്ചു.
ന്യൂയോര്‍ക്ക് അസംബ്ളി അംഗം ജെനിഫര്‍ രാജ്കുമാറും ന്യൂയോര്‍ക്ക് സിറ്റി സ്കൂള്‍ ചാന്‍സലര്‍ ഡേവിഡ് ബാങ്ക്സും മേയര്‍ എറിക് ആദംസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അവധി നല്‍കാന്‍ തീരുമാനമായത്.
ആഡംസിന്റെ പിന്തുണക്ക് നന്ദി പറഞ്ഞ ജെന്നിഫര്‍ രാജ്കുമാര്‍, നഗരത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു മേയര്‍ ദീപാവലി സ്കൂള്‍ അവധിയാക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ന്യൂയോര്‍ക്ക് സ്റേററ്റ് ഓഫിസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ദക്ഷിണേഷ്യന്‍ ~അമേരിക്കന്‍ വനിതയാണ് ജെന്നിഫര്‍ രാജ്കുമാര്‍.
ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷിക്കുന്ന ഹിന്ദു, ബുദ്ധ, സിഖ്, ജൈന മതങ്ങളിലെ രണ്ടു ലക്ഷത്തിലധികം പേര്‍ ന്യൂയോര്‍ക്കിലുണ്ട്.
പൊതു അവധി നല്‍കാനുള്ള തീരുമാനത്തില്‍ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കൗണ്‍സില്‍ ജനറല്‍ രണ്‍ദീര്‍ ജെയ്സ്വാള്‍ നന്ദി പറഞ്ഞു. ഇന്ത്യന്‍~അമേരിക്കന്‍ സമൂഹത്തിന്റെ ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു ഇത്. ഈ അംഗീകാരം ന്യൂയോര്‍ക്ക് നഗരത്തിലെ വൈവിധ്യത്തിനും ബഹുസ്വരതക്കും ആഴത്തിലുള്ള അര്‍ഥം നല്‍കുന്നു എന്നും ജെയ്സ്വാൾ പറഞ്ഞു.