കോട്ടയം: കോട്ടയത്ത് മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. കർഷക സംഘം സംസ്ഥാന സമ്മേളന വേദിയിൽ നിന്ന് മുഖ്യമന്ത്രി തിരികെ പോകുന്നതിനിടെ കോട്ടയം ഡിസിസി ഓഫീസിന് സമീപമാണ് പ്രവർത്തകർ കരിങ്കൊടി വീശിയത്. കൊവിഡ് കാല പർച്ചേസിലെ അഴിമതിക്കെതിരെ ആയിരുന്നു പ്രതിഷേധം. പി പി ഇ കിറ്റണിഞ്ഞ പ്രവർത്തകരാണ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി ഉയർത്തിയത്. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
മഹാമാരിക്കാലത്തെ കൊള്ളക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് പറഞ്ഞിരുന്നു. കൊവിഡ് കാലത്ത് 450 രൂപയ്ക്കും 500 രൂപയ്ക്കും പി പി ഇ കിറ്റ് നൽകാൻ കേരളത്തിലെ കമ്പനികൾ തയ്യാറായി. പക്ഷേ സാൻഫാർമയിൽ നിന്ന് 1550 രൂപയ്ക്ക് വാങ്ങി കോടികൾ തട്ടിയെടുത്തു മൂന്നിരട്ടി വിലയ്ക്ക് പി പി ഇ കിറ്റ് എന്തിന് വാങ്ങി എന്നതിന് മറുപടിയില്ല.
100 ശതമാനവും അഡ്വാൻസ് സാൻഫാർമയ്ക്ക് കൊടുക്കാനും ഫയലിൽ എഴുതി. ഏഴ് രൂപയ്ക്ക് ഗ്ലൗസ് കിട്ടുമ്പോൾ 12 രൂപയ്ക്ക് ഗ്ലൗസ് വാങ്ങാൻ പച്ചക്കറി കടക്കാരന് ഓർഡർ കൊടുത്തു. മഹാമാരിയുടെ കാലത്ത് 1033 കോടി രൂപയുടെ പര്‍ച്ചേസാണ് നടത്തിയത്. തീവെട്ടിക്കൊള്ളയാണ് സർക്കാർ നടത്തിയത്. സ്റ്റോർ പര്‍ച്ചേസ് മാന്വൽ അട്ടിമറിച്ചായിരുന്നു പര്‍ച്ചേസ്. കൊവിഡിന്റെ മറവിൽ ഇത്ര വലിയ കൊള്ള നടത്തിയവർ അവാർഡ് വാങ്ങുകയായിരുന്നു.
ശൈലജ മുഖ്യമന്ത്രിക്ക് പണി കൊടുത്തു. എല്ലാം മുഖ്യമന്ത്രി പറഞ്ഞിട്ടാണ് ചെയ്തതെന്ന് പറഞ്ഞു. ആരോപണത്തിൽ ശൈലജക്ക് ഒരു മറുപടിയുമില്ല. മുഖ്യമന്ത്രി മറുപടി പറയണം. കൊവിഡ് കൊള്ളയ്ക്കെതിരായ സമരം തുടരും. സംസ്ഥാന വ്യാപകമായി പോരാട്ടം തുടങ്ങും. ശക്തമായ നടപടി എടുക്കും വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.