CrimeNEWS

അഞ്ഞൂറിലധികം ക്ഷേത്രങ്ങളിൽ മോഷണം നടത്തി ഒളിവിലായിരുന്ന പ്രതി കട്ടപ്പനയിൽ പിടിയിൽ

കട്ടപ്പന: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അഞ്ഞൂറിലധികം ക്ഷേത്രങ്ങളിൽ മോഷണം നടത്തി ഒളിവിലായിരുന്ന പ്രതി കട്ടപ്പനയിൽ പിടിയിലായി. മലപ്പുറം കാലടി കൊട്ടരപ്പാട്ട് സജീഷ് ആണ് പിടിയിലായത്. കോഴിക്കോട്, മലപ്പുറം,തൃശൂർ, പാലക്കാട് ജില്ലകളിലായി 500 ൽ അധികം ക്ഷേത്രങ്ങളിലാണ് സജീഷ് മോഷണം നടത്തിയത്. കോഴിക്കോട് ഒരു ദിവസം തന്നെ അഞ്ച് ക്ഷേത്രങ്ങളിൽ വരെ ഇയാൾ മോഷണം നടത്തിയിട്ടുണ്ട്.

കഴിഞ്ഞ 20 വർഷത്തോളമായി ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് സ്ഥിരമായി മോഷണം നടത്തി വരുകയായിരുന്നു. ക്ഷേത്രത്തിന് സമീപ പ്രദേശത്തു നിന്ന് ബൈക്കുകൾ മോഷ്ടിക്കുകയും അവ കെഎസ്ആർടിസി ബസ് സ്റ്റാൻറ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ പാർക്ക് ചെയ്ത ശേഷം താക്കോൽ കൈവശം വയ്ക്കും. ഈ മേഖലയിലെ ക്ഷേത്രങ്ങളിൽ വീണ്ടും മോഷണം നടത്താൻ എത്തുമ്പോൾ ഈ ബൈക്കുകളാണ് ഉപയോഗിക്കുക. മോഷണ ശേഷം കിട്ടുന്ന പണവുമായി മുങ്ങുന്ന ഇയാൾ ഇടുക്കി കുമളിയിൽ സ്വകാര്യ ലോഡ്ജിൽ താമസിക്കുന്നത് പതിവായിരുന്നു.

Signature-ad

ഇങ്ങനെ മോഷണ ശേഷം കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനിൽ ഇന്നലെ ചില്ലറ മാറാനെത്തിയ സജീഷിനെ സ്‌പെഷ്യൽ സ്‌ക്വാഡ് ഉദ്യോഗസ്ഥൻ സംശയം തോന്നി നിരീക്ഷിക്കുകയും പിന്നീട് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയുമായിരുന്നു. ഇതോടെയാണ് നിരവധി ക്ഷേത്ര മോഷണങ്ങളുടെ ചുരുളഴിഞ്ഞത്. സാധാരണ ഒരാളുടെ കൈവശം കാണാൻ ഇടയുള്ളതിലുമധികം ചില്ലറകളുമായാണ് ഇയാൾ കംഫർട്ട് സ്റ്റേഷനിലെത്തിയത്. ഇയാളുടെ പക്കൽ നിന്നും ക്ഷേത്രങ്ങളിൽ നിന്ന് മോഷണം നടത്തികിട്ടിയ ചില്ലറ പൈസകളും മോഷ്ടിച്ച വാഹനങ്ങളുടേതെന്ന് കരുതുന്ന താക്കോലുകളും കണ്ടെടുത്തു.

നിരവധി വാഹന മോഷണക്കേസുകളിലും സജീഷ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. 2022 ജൂലൈ 17ന് മോഷണക്കേസിൽ പെരിന്തൽമണ്ണ സബ് ജയിലിൽ നിന്നും ശിക്ഷകഴിഞ്ഞ് ഇറങ്ങിയ പ്രതി ഇതിനു ശേഷം മാത്രം 30ലധികം അമ്പലങ്ങളിൽ കവർച്ച നടത്തിയിട്ടുണ്ട്. പിടികൂടിയ സമയത്ത് പ്രതിയുടെ കൈവശം എടപ്പാൾ കുറ്റിപ്പുറം ഭാഗത്തുള്ള ഒരു ക്ഷേത്രത്തിൽ നിന്നും ഭണ്ഡാരം പൊട്ടിച്ച ചില്ലറയും നോട്ടുകളും അഞ്ചു ബൈക്കുകളുടെ താക്കോലും കുമളിയിലെ ആഡംബര റിസോർട്ടിൽ പണം അടച്ചതിന്റെ രസീതും കണ്ടെടുത്തു. സ്വകാര്യ ആയുർവേദ കമ്പനിയിലെ സെയിൽസ് എക്‌സിക്യൂട്ടീവ് ആണെന്ന പേരിലാണ് ലോഡ്ജിൽ താമസിച്ചിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Back to top button
error: