തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയ്ക്കെതിരേ കൂടുതല്‍ തെളിവുകള്‍. പരാതിക്കാരിയുടെ വീട്ടില്‍നിന്ന് എല്‍ദോസിന്റെ വസ്ത്രങ്ങള്‍ കണ്ടെടുത്തെന്ന് അന്വേഷണസംഘം അറിയിച്ചു. പരാതിക്കാരിയുടെ പേട്ടയിലെ വീട്ടില്‍നിന്നാണ് എല്‍ദോസിന്റെ ടിഷര്‍ട്ട് ഉള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ പോലീസ് കണ്ടെടുത്തത്.
മദ്യക്കുപ്പിയും ഇവിടെനിന്നു ലഭിച്ചു. മദ്യക്കുപ്പിയിലെ വിരലടയാളം എല്‍ദോസിന്റെ ആണോയെന്ന് പരിശോധിക്കും. സെപ്റ്റംബര്‍ 15ന് വീട്ടില്‍ വന്ന് പോയപ്പോള്‍ ഉപേക്ഷിച്ചിട്ടു പോയതാണ് ഇവയെന്നാണ് യുവതിയുടെ മൊഴി. ഇതു ശരിവയ്ക്കുന്ന മറ്റു ചില തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചെന്നാണ് സൂചന.
എട്ടാം ദിനവും ഒളിവില്‍ കഴിയുന്ന എല്‍ദോസ് കുന്നപ്പിള്ളിയെ പിടികൂടാനായില്ലങ്കിലും തെളിവുകള്‍ പരമാവധി ശക്തമാക്കുകയാണ് അന്വേഷണ സംഘം. എംഎല്‍എക്കെതിരെ വധശ്രമക്കുറ്റം ചുമത്താനും ക്രൈംബ്രാഞ്ച് തീരുമാനിച്ചു. കോവളത്ത് ആത്മഹത്യാ മുനമ്പില്‍ വച്ച് മര്‍ദിക്കുന്നതിനിടെ കൊക്കയിലേക്ക് തള്ളിയിടാന്‍ ശ്രമിച്ചെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ട്.
മജിസ്ട്രേട്ടിനു നല്കിയ രഹസ്യമൊഴിയിലും ക്രൈംബ്രാഞ്ചിന് നല്കിയ വിശദ മൊഴിയിലുമാണ് യുവതി ഇക്കാര്യം ആരോപിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വധശ്രമക്കുറ്റം ചുമത്തുന്നത്. ആദ്യം കോവളം പോലീസില്‍ നല്കിയ പരാതിയില്‍ ഈ ആരോപണങ്ങളൊന്നും ഉണ്ടായിരുന്നില്ല.