മനോജ് ഭാരതി
പ്രണയാഭ്യർത്ഥന നിരസിച്ചു. പെൺകുട്ടിയെയും അമ്മയെയും തലശ്ശേരിയിൽ യുവാവ് വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു. രാവിലെ ഞെട്ടിപ്പിക്കുന്ന വാർത്ത. പ്രണയാഭ്യർത്ഥനയ്ക്കു വഴങ്ങാത്ത പെൺകുട്ടിയെ യുവാവ് ട്രെയിനിനു മുന്നിൽ തള്ളിയിട്ടു കൊലപ്പെടുത്തി…! അടുത്ത ദിവസം വീണ്ടും നടക്കം പകരുന്ന വാർത്ത .
നമ്മുടെ പുതുതലമുറയുടെ ശീലങ്ങളിലും സ്വഭാവരീതികളിലും സ്ഫോടനാത്മകമായ മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. സാമൂഹ്യ സാഹചര്യങ്ങൾ അനിവാര്യമാക്കിയ മാറ്റങ്ങളാണ് അവയിൽ പലതും. ഇതിൽ നല്ലൊരു ശതമാനവും ഗുണകരമാണെന്നിരിക്കെ, അവഗണിക്കാനാകാത്ത തരത്തിൽ ചില മാറ്റങ്ങൾ ആശങ്കാജനകവുമാകുന്നുണ്ട്. വ്യക്തി ബന്ധങ്ങൾ, സുഹൃത് വലയങ്ങൾ, കുടുംബവുമായുള്ള ഇടപഴകൽ തുടങ്ങിയവയിൽ നിന്നെല്ലാം അകലാനും ഒറ്റപ്പെട്ട തുരുത്തുകളിലേക്ക് ചേക്കേറാനും തുടങ്ങിയതോടെ നമ്മുടെ കുട്ടികളിൽ ചിലരെങ്കിലും അവരവരെ മാത്രം സ്നേഹിക്കുന്നവരായി മാറി. അതിന്റെ തിക്തഫലങ്ങളിലൊന്നാണ് സ്നേഹബന്ധങ്ങളിലുണ്ടായ പൊളിച്ചെഴുത്ത്. പുത്തൻ തലമുറയുടെ പ്രണയങ്ങളിലും പലപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നത് അതാണ്. മുൻകാലങ്ങളിൽ പ്രണയബന്ധങ്ങളിലുണ്ടാകുന്ന തകർച്ചകൾ ഉൾക്കൊള്ളാൻ ഒരു പരിധി വരെ കമിതാക്കൾക്കു കഴിഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ആറേഴുകൊല്ലമായി സ്ഥിതി അതല്ല. പ്രണയപരാജയം പകയായും കൊലപാതകമായും മാറുന്ന കാഴ്ചകളാണ് നിരന്തരമുണ്ടാകുന്നത്. അത്തരം മുപ്പത്തിയഞ്ചിലധികം സംഭവങ്ങൾ ഇക്കാലയളവിൽ മാത്രം ഉണ്ടായി. തീവച്ചും കഴുത്തറത്തും വെടിവച്ചുമെല്ലാമുള്ള അരുംകൊലകൾ. അതിലേറെയും നടന്നത് കാംപസുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലുമാണ് എന്നതും ചിന്തനീയമാണ്. കൗമാര – യുവത്വങ്ങളുടെ മത്സര ബുദ്ധിയും ആഘോഷമനോഭാവവുമെല്ലാം ആരോഗ്യകരമായി ഉപയോഗപ്പെടുത്തേണ്ടിടത്താണ് ഇതു സംഭവിക്കുന്നത്.
മയക്കുമരുന്നുപയോഗത്തിലെന്നപോലെ ഇവിടെയും ജനകീയ പ്രതിരോധത്തിന്റെ ജാഗ്രത ഉയർന്നു വരേണ്ടിയിരിക്കുന്നു. ഇക്കാര്യത്തിൽ അധികൃതരും മാധ്യമങ്ങളും സാമൂഹ്യ- സാംസ്കാരിക പ്രവർത്തകരും ആലോചനകൾ സജീവമാക്കേണ്ടിയിരിക്കുന്നു.