കോയമ്പത്തൂര്‍: വാല്‍പാറയില്‍ വീണ്ടും കരടിയുടെ ആക്രമണം. തോട്ടം തൊഴിലാളിയായ യുവതിക്ക് പരുക്കേറ്റു. ഝാര്‍ഖണ്ഡ് സ്വദേശിയായ സബിത എന്ന യുവതിക്കാണ് പരുക്കേറ്റത്. ഇവരെ പൊള്ളാച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ അഞ്ചരയ്ക്ക് വീടിന് പുറത്തിറങ്ങിയപ്പോഴാണ് യുവതിയെ കരടി ആക്രമിച്ചത്. ഏതാനും മാസങ്ങളായി രാപകല്‍ വ്യത്യാസമില്ലാതെ വാല്‍പാറയിലും പരിസരത്തും കരടിയുടെ സാന്നിധ്യമുണ്ട്. ആക്രമണങ്ങളും പതിവാകുകയാണ്.
ഒരു മാസം മുമ്പ് കരടിയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഇഞ്ചിപ്പാറ എസ്റ്റേറ്റിലെ തൊഴിലാളിയായ തങ്കത്തിനെയാണ് സാരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി ഒന്‍പതു മണിയോടെയാണ് തങ്കത്തിന് നേരെ ആക്രമണമുണ്ടായത്. അപ്പര്‍ ഡിവിഷനിലെ വീട്ടില്‍ പാല്‍ വിതരണം ചെയ്ത് മടങ്ങുന്നതിനിടയിലായിരുന്നു കരടിയുടെ ആക്രമണം. തേയില തോട്ടത്തില്‍ നിന്നും ചാടി വീണ കരടി പ്രതിരോധിക്കാന്‍ ഇട കൊടുക്കാതെ ആക്രമിക്കുകയായിരുന്നു. തങ്കത്തിന്റെ കരച്ചില്‍ കേട്ടെത്തിയ മറ്റ് തൊഴിലാളികള്‍ കരടിയെ വിരട്ടി ഓടിക്കുകയായിരുന്നു.
തുടര്‍ച്ചയാകുന്ന കരടിയുടെ ആക്രമണം നാട്ടുകാരെയും വിനോദ സഞ്ചാരികളെയും ആശങ്കയിലാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനം കഴിഞ്ഞ് വീണ്ടും സജീവമായ വിനോദ സഞ്ചാര സാധ്യതയ്ക്ക് മുടക്കിടുന്ന രീതിയിലാണ് വന്യമൃഗങ്ങളുടെ ആക്രമണം. തേയില തോട്ടങ്ങളില്‍ ആന, പുലി, കടുവ, കരടി, കാട്ടുപോത്ത് എന്നീ മൃഗങ്ങളുടെ സാന്നിധ്യം വീണ്ടും ആശങ്ക നിറയ്ക്കുന്നതാണ്. ഒരു വര്‍ഷത്തിനിടെ വ്യത്യസ്ത വന്യമൃഗ ആക്രമണങ്ങളിലായി എട്ടുപേരുടെ ജീവനാണ് പൊലിഞ്ഞത്.