‘പണ്ടേ പട്ടിണി, ഇപ്പോൾ അടുപ്പിലും പൂച്ച കേറി’ എന്ന പഴഞ്ചൊല്ല് പോലെയായി കെഎസ്ആർടിസിയുടെ അവസ്ഥ. നഷ്ടം കൊണ്ടു നട്ടം തിരിയുകയാണ്. പാവപ്പെട്ടവർക്ക് പെൻഷനും കുഞ്ഞുങ്ങുക്ക് ഉച്ചക്കഞ്ഞിക്കുള്ള കാശുമെടുത്താണ് ഓരോ മാസവും ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നത്. അതിനിടയിലാണ് കെഎസ്ആർടിസി തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ നിന്നും ഒരുലക്ഷത്തി പതിനേഴായിരത്തി മുന്നൂറ്റിപതിനെട്ട് രൂപ കാണാതായത്. ദിവസ വരുമാനത്തിൽ നിന്നാണ് 1,17318 രൂപ നഷ്ടപ്പെട്ടത്. നാല് ദിവസം മുമ്പാണ് പ്രതിദിന കളക്ഷൻ മുഴുവനായും ബാങ്കിൽ എത്തിയില്ലെന്ന് കണ്ടെത്തിയത്. യുണിറ്റ് ഓഫീസറുടെ പരാതിയിൽ, ഔട്ട് ഓഡിറ്റ് വിഭാഗം, ടിക്കറ്റ് ആൻ്റ് ക്യാഷ് ഡിപ്പാർട്ട്മെൻറിൽ നടത്തിയ പരിശോധയിൽ, പൊരുത്തക്കേട് കണ്ടെത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു.
മികച്ച കളക്ഷൻ നേടുന്ന ഡിപ്പോയാണ് കെഎസ്ആർടിസി തിരുവനന്തപുരം യൂണിറ്റ്. ദിവസം 35 മുതൽ 50 ലക്ഷം രൂപ വരെയാണ് ഇവിടുത്തെ വരുമാനം. ഈ ആഴ്ച തുടക്കത്തിലെ കണക്കുകൾ പരിശോധിച്ചു വന്നപ്പോളാണ് നാലു ദിവസം മുൻപ് ഡെയില് കളക്ഷൻ തുകയും ബാങ്കിൽ അടക്കുന്ന തുകയും തമ്മിലുള്ള വ്യത്യാസം കണ്ടത്. ടിക്കറ്റ് വരുമാനത്തിൽ നിന്നുള്ള പണത്തിൽ ടോൾ പിരിവ്, ഡീസലടിക്കാനുള്ള പണം എന്നിവ മാറ്റിവെച്ച് ബാക്കി തുക ബാങ്കിലടക്കണം. എന്നാൽ വൗച്ചർ ബില്ലുമായി ഒത്തുനോക്കിയപ്പോഴാണ് ഒരു ലക്ഷത്തിലധികം രൂപ കാണാനില്ലെന്ന് കണ്ടെത്തിയത്. യൂണിറ്റ് ഓഫീസർ ചീഫ് ഓഫീസർക്ക് റിപ്പോർട്ട് ചെയ്ത് പരാതി നൽകിയിട്ടുണ്ട്.
ഡീസൽ ക്ഷാമം ഉണ്ടായിരുന്ന സമയത്ത് റിസർവേഷൻ ടിക്കറ്റുകൾ മാത്രമായി സർവീസ് നടത്തിയ ബസുകളിൽ ഡീസൽ അടിച്ചതിന്റെ ബില്ല് നൽകാൻ വിട്ടുപോയതാണ് പൊരുത്തക്കേടിന് കാരണമെന്നാണ് ജീവനക്കാരുടെ വിശദീകരണം.
അതേസമയം കെഎസ്ആർടിസി ബസുകളിൽ പരസ്യം പതിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് കോർപ്പറേഷന് വൻ ബാധ്യത ഉണ്ടാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ബസുകളിൽ പരസ്യം പതിക്കാൻ അനുവദിക്കുന്നതിലൂടെ വർഷം, 1 കോടി 80 ലക്ഷം രൂപ കെഎസ്ആർടിസിക്ക് ലഭിക്കുന്നുണ്ട്. ഉത്തരവ് നടപ്പാക്കുന്നത് നഷ്ടമുണ്ടാക്കുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി. നമ്മൾ മാത്രമല്ല, ഇതര സംസ്ഥാനങ്ങളും സർക്കാർ ബസുകളിൽ പരസ്യം നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് കിട്ടിയ ശേഷം നിയമവശം പരിശോധിക്കുമെന്നും ആന്റണി രാജു കൂട്ടിച്ചേർത്തു