
ദില്ലി: ആൻഡമാൻ നിക്കോബാർ മുൻ ചീഫ് സെക്രട്ടറിക്കും ലേബർ കമ്മീഷണർക്കും എതിരെ കൂട്ടബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തു. സർക്കാർ ജോലി വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന ഇരുപത്തിയൊന്നുകാരിയുടെ പരാതിയിൽ ആണ് ആൻഡമാൻ പൊലീസ് കേസെടുത്തത്.
മുൻ ചീഫ് സെക്രട്ടറിയും നിലവിൽ ദില്ലി ഫിനാൻഷ്യൽ കോർപ്പറേഷൻ എംഡിയുമായ ജിതേന്ദ്ര നരെയ്ൻ, ആൻഡമാൻ നിക്കോബാർ ലേബർ കമ്മീഷണർ ആർ.എൽ.ഋഷി എന്നിവർക്കെതിരെയാണ് കൂട്ട ബലാത്സംഗക്കുറ്റം ചുമത്തിയത്. പോർട്ട് ബ്ലെയർ സ്വദേശിയായ യുവതി ഓഗസ്റ്റിൽ നൽകിയ പരാതിയിൽ ഒക്ടോബർ ഒന്നിനാണ് കേസെടുത്തത്. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്.
ഏപ്രിലിൽ രണ്ടു തവണ പീഡിപ്പിച്ചു, പുറത്തു പറഞ്ഞാൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി എന്നിങ്ങനെയാണ് യുവതിയുടെ പരാതി. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ പൊലീസ് പെൺകുട്ടിക്ക് സുരക്ഷ ഏർപ്പാടാക്കിയിട്ടുണ്ട്. പരാതിക്കാരിയുടെ വിവരങ്ങൾ പരസ്യപ്പെടുത്തിയ സംഭവത്തിൽ ചാനൽ റിപ്പോർട്ടർക്ക് എതിരെയും വിവരങ്ങൾ ചോർത്തി നൽകിയ പൊലീസ് ഉദ്യോഗസ്ഥന് എതിരെയും അന്വേഷണം നടക്കുന്നുണ്ട്. അതേസമയം ആരോപണങ്ങൾ ഉദ്യോഗസ്ഥർ നിഷേധിച്ചു.






