ചെറിയ കാലമല്ല, 22 വര്‍ഷം പഴക്കമുള്ള മാരുതി 800 നെയാണ് ഗായകന്‍ എം ജി ശ്രീകുമാര്‍ മിനുക്കിയെടുത്ത് പുത്തൻ കാറാക്കി നിരത്തിലിറക്കിയത്. കൊല്ലം അയത്തില്‍ എസ്എസ് ഡീറ്റെയ്‌ലിങ് സ്റ്റുഡിയോയിൽ നിന്നാണ് കാറിനെ പുത്തനാക്കി ഇറക്കിയത്. ചുവന്ന കാർ ഇപ്പോൾ വെള്ളയാക്കി മാറ്റി.
എം ജി ശ്രീകുമാറിന് ഇത് വെറുമൊരു കാറല്ല. ഗൃഹാതുരത്വം ഉറങ്ങുന്ന ഓര്‍മകളുടെ കൂമ്പാരം കൂടിയാണ്. പാട്ട് പാടിയ കാശുകൊണ്ട് എം ജി ആദ്യമായി വാങ്ങിയ വാഹനം. മലയാളി രണ്ടു പതിറ്റാണ്ടു കാലമായി പാടി നടക്കുന്ന പാട്ടുകള്‍ നിറഞ്ഞുനില്‍ക്കുന്ന ഓര്‍മകളുടെ ഇടമാണ് എംജിക്ക് ഈ കാര്‍. ഗായകന്‍ എന്ന നിലയിലുള്ള വരുമാനം കൊണ്ട് 22 വര്‍ഷം മുന്‍പാണ് ഈ മാരുതി 800 എം ജി ശ്രീകുമാര്‍ വാങ്ങുന്നത്.
വാഹനം തമിഴ്‌നാട് റജിസ്ട്രേഷനാണ്. ഉപയോഗിച്ചിരുന്നതും ചെന്നൈയിൽ തന്നെ. അന്ന് ഒന്നരലക്ഷത്തിന് വാങ്ങിയ ഈ വണ്ടിയിലാണ് നരസിംഹത്തിലെ ‘പഴനിമല മുരുകന് ഹരോഹര’ ഗാനം പാടാന്‍ പോയത്. വല്യേട്ടനിലെ ‘നിറനാഴി പൊന്നിൻ’ പാടാന്‍ പോയതും അതേ വര്‍ഷം ഇതേ കാറിലാണ്.
മോഹന്‍ലാലും പ്രിയദര്‍ശനും രവീന്ദ്രനും ഔസേപ്പച്ചനും ഒക്കെ പലതവണ കൂടെ കയറിയിട്ടുണ്ട് ഇതേ കാറില്‍. ഓർമ്മകളുടെ സംഗീതമായി ഈ പാട്ട് വണ്ടി സ്റ്റുഡിയോകളിലേക്ക് ഇനിയുമോടും.
വാഹനത്തിന്റെ ടയറുകളൊന്നും മാറ്റിയിട്ടില്ല. ഒരു സൈകിളില്‍പ്പോലും ഉരസിയിട്ടുമില്ല. ഗായകൻ എന്ന നിലയിൽ എം.ജി ശ്രീകുമാറിനു ലഭിച്ച ഔന്നിദ്ധ്യങ്ങളുടെ സ്മാരകമാണ് ഈ മാരുതി 800.