CrimeNEWS

എല്‍ദോസിന്റെ ഫോണുകള്‍ ഓഫ്, മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

കൊച്ചി: ബലാത്സംഗ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ഒളിവില്‍ തുടരുന്നു. എം.എല്‍.എയുടെ രണ്ടു ഫോണുകളും സ്വിച്ച് ഓഫാണ്. മൂന്ന് ദിവസമായി പൊതുപരിപാടികളിലും പങ്കെടുക്കുന്നില്ല. എല്‍ദോസിനെ കണ്ടെത്താനുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്.

എം.എല്‍.എയ്ക്ക് എതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി നെയ്യാറ്റിന്‍കര കോടതിയില്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കി. പരാതിക്കാരിയുടെ മൊഴി പൂര്‍ണമായി രേഖപ്പെടുത്തിയ ശേഷമാണ് നടപടി. ജില്ലാ ക്രൈം ബ്രാഞ്ചാണ് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് റിപ്പോര്‍ട്ട് നല്‍കിയത്. എല്‍ദോസ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

Signature-ad

അധ്യാപികയായ പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വീട്ടില്‍ അതിക്രമിച്ച് കയറിയതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനും തട്ടിക്കൊണ്ടുപോയതിനുമായിരുന്നു നേരത്തെ കേസെടുത്തിരുന്നത്. ഇതും ജാമ്യമില്ലാ വകുപ്പുകളായിരുന്നു. ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയ മൊഴി പ്രകാരം എം.എല്‍.എ പരാതിക്കാരിയുടെ കഴുത്തില്‍ കുരിശുമാല അണിയിക്കുകയും സംരക്ഷിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തുവെന്ന് പറയുന്നുണ്ട്. തന്നെ ശാരീരികമായി പീഡിപ്പിച്ചെന്നായിരുന്നു യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍, കോടതിയില്‍ നല്‍കിയ മൊഴിയില്‍ പീഡനാരോപണം ഉന്നയിച്ചിരുന്നു. കേസ് കോവളം പോലീസില്‍നിന്ന് ജില്ലാ ക്രൈംബ്രാഞ്ചിലേക്കു കൈമാറിയശേഷം നല്‍കിയ മൊഴിയിലും പീഡനരോപണത്തില്‍ യുവതി ഉറച്ചു നിന്നതോടെയാണ് ബലാല്‍ത്സംഗക്കേസ് ചുമത്തിയത്.

ഇതിനിടെ പരാതിക്കാരി എല്‍ദോസ് കുന്നപ്പിള്ളിയുടെ ഫോണ്‍ മോഷ്ടിച്ചെന്ന് എം.എല്‍.എയുടെ ഭാര്യ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ മൊഴി നല്‍കാന്‍ തയ്യാറായിട്ടില്ല. പോലീസ് മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മറുപടി നല്‍കിയിട്ടില്ല. എം.എല്‍.എയ്ക്ക് എതിരെ കേസെടുത്ത കാര്യം പൊലീസ് നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീറിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.

 

Back to top button
error: