CrimeNEWS

കായംകുളം നഗരത്തിൽ വ്യാപക മോഷണം; ആരാധനാലയത്തിലും സ്കൂളുകളിലും മോഷണം

കായംകുളം: നഗരത്തിൽ വ്യാപക മോഷണം. ക്രിസ്ത്യൻ ആരാധനാലയത്തിലും സ്കൂളുകളിലുമാണ് മോഷണം നടന്നത്. കായംകുളം സെൻറ് ബേസിൽ മലങ്കര സിറിയൻ കാത്തലിക് ചർച്ച്, സമീപത്തെ ഗവൺമെൻറ് എൽ പി സ്കൂൾ, ഗവൺമെൻറ് യുപി സ്കൂൾ, ഗവൺമെൻറ് ബോയ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. പളളിയിലെ അള്‍ത്താരക്ക് സമീപമുള്ള വാതിലിന്റെ പാളി കുത്തിയിളക്കിയുണ്ട് മോഷ്ടാവ് ആകത്തുകയറിയത്.

അലമാരകളും മറ്റും കുത്തി തുറന്നു. കാണിക്ക വഞ്ചിയും കുത്തി തുറന്നിട്ടുണ്ട്. ഇതിൽ നിന്ന് പണം അപഹരിച്ചതായി വികാരി ഫാദർ ഫ്രാൻസിസ് പറഞ്ഞു. ഇതിനു സമീപമുള്ള ഗവൺമെൻറ് എൽപിഎസിലെ ഓഫീസിൽ കടന്ന് അലമാരിയിൽ സൂക്ഷിച്ചിരുന്ന സ്കൂൾ ബസ്സിന്റെ ആർ സി ബുക്ക് മോഷ്ടിച്ചു. ക്ലാസ് മുറികളുടെയും മറ്റ് റെക്കോർഡുകൾ സൂക്ഷിക്കുന്ന അലമാരകളുടെയും താക്കോലുകൾ മോഷ്ടാവ് കൊണ്ടുപോയി. ഗവൺമെൻറ് യു പി സ്കൂളിൽ സൂക്ഷിച്ചിരുന്ന പതിനാറായിരത്തോളം രൂപ കവർന്നു. ഓൺലൈൻ പഠനകാലത്ത് അധ്യാപകർ വിദ്യാർഥികൾക്കായി വാങ്ങി നൽകിയ രണ്ട് മൊബൈൽ ഫോണുകളും മോഷ്ടിച്ചു.

Signature-ad

കഞ്ഞിപ്പുരയുടെ വാതിൽ തകർത്തു. ഗവൺമെൻറ് ബോയ്സ് ഹൈസ്കൂളിൽ നിന്ന് 2500 രൂപയും മോഷ്ടാവ് കവർന്നു. കായംകുളം ഡിവൈഎസ്പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഈ പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ളവ പരിശോധിക്കുമെന്ന് പൊലീസ് വിശദമാക്കി. കഴിഞ്ഞ ദിവസം വണ്ടാനം മെഡിക്കല്‍ കോളേജ് പരിസരത്ത് നിന്ന് മൊബൈല്‍ ഫോണും പണവും മോഷ്ടിച്ചതിന് ദമ്പതികള്‍ അറസ്റ്റിലായിരുന്നു. കൊല്ലം പടപ്പക്കരയില്‍ ബിജു (58), ഭാര്യ ലക്ഷ്മി (54) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദമ്പതികള്‍ സംശയാസ്പദമായ രീതിയില്‍ പെരുമാറുന്നത് എയ്ഡ് പോസ്റ്റിലെ പൊലീസുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനേ തുടര്‍ന്ന് ചോദ്യം ചെയ്തതോടെയാണ് മോഷണം തെളിഞ്ഞത്. രോഗികള്‍ എന്ന പേരില്‍ ആശുപത്രിയിലെത്തി പണവും ഫോണുകളും കവരുന്നതായിരുന്നു ഇവരുടെ രീതിയെന്ന് പൊലീസ് വ്യക്തമാക്കി.

Back to top button
error: