തൃശൂര്‍: രേഖകളില്ലാതെ സൂക്ഷിച്ചതിന് ജി.എസ്.ടി. വകുപ്പ് പിടികൂടിയ 65 ലക്ഷം രൂപയുടെ അടയ്ക്ക ലേലംചെയ്യാനെത്തിയപ്പോള്‍ ചാക്കുകളില്‍ അടയ്ക്കാത്തൊണ്ട്. തുടര്‍ന്ന് സൂക്ഷിപ്പുകാരന്റെ പേരില്‍ മോഷണക്കുറ്റത്തിന് ജി.എസ്.ടി. ഓഫീസര്‍ പോലീസിന് പരാതി നല്‍കി.
വരവൂര്‍ സ്വദേശി കുന്നത്തുപീടികയില്‍ ഗഫൂറിനെതിരേയാണ് ജി.എസ്.ടി (ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം) ഓഫീസര്‍ സി. ജ്യോതിലക്ഷ്മി തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്.
ജൂലൈയ് 30-ന് ഗഫൂറിന്റെ വരവൂരിലുള്ള ഗോഡൗണില്‍ നടത്തിയ പരിശോധനയിലാണ് മതിയായ രേഖകളില്ലാതെ സൂക്ഷിച്ചിരുന്ന കൊട്ടടയ്ക്ക കണ്ടെടുത്തത്. ഇത് താത്കാലികമായി കണ്ടുകെട്ടി. തുടര്‍ന്ന് കേസിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ ജി.എസ്.ടി. നിയമപ്രകാരം, കേടുകൂടാതെ സൂക്ഷിക്കാന്‍ ഗഫൂറിനെത്തന്നെ ചുമതലപ്പെടുത്തി.
ഇതിനിടയില്‍ ഗഫൂര്‍ ഹൈക്കോടതിയില്‍നിന്ന് സ്റ്റേ വാങ്ങിയെങ്കിലും പിന്നീട് കേസില്‍ ജി.എസ്.ടി വകുപ്പിന് അനുകൂലമായി വിധി വന്നു. തുടര്‍ന്ന് ചരക്ക് കണ്ടുകെട്ടാന്‍ ഗഫൂറിന് നോട്ടീസ് നല്‍കി. പരസ്യവില്‍പ്പനയ്ക്കായി ജി.എസ്.ടി. അധികൃതര്‍ വരവൂരിലെ ഗോഡൗണിലെത്തിയപ്പോള്‍ ഗഫൂര്‍ പ്രതികരിക്കാതെ മുങ്ങുകയായിരുന്നു. തുടര്‍ന്ന് ഗോഡൗണ്‍ ഉടമയുടെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ അടയ്ക്ക അവിടെനിന്ന് കടത്തി പകരം ചാക്കുകളില്‍ അടയ്ക്കത്തൊണ്ട് നിറച്ചതായാണ് കണ്ടത്.
മോഷണവും വിശ്വാസവഞ്ചനയും നടത്തിയതിന് ഗഫൂറിനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ജി.എസ്.ടി. വകുപ്പ്, സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.