KeralaNEWS

മ്യാന്‍മറില്‍ തടവിലാക്കപ്പെട്ട പാറശാല സ്വദേശി ഉള്‍പ്പെടെ 10 പേര്‍ കൂടി മോചിതരായി

തിരുവനന്തപുരം: ജോലി തട്ടിപ്പിന് ഇരയായി മ്യാന്‍മറില്‍ തടവിലാക്കപ്പെട്ടവരില്‍ ഒരു മലയാളി അടക്കം 10 പേര്‍ കൂടി മോചിതരായി. തിരുവനന്തപുരം പാറശാല സ്വദേശി വൈശാഖ് ഉള്‍പ്പെടെയുള്ള 10 പേരാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലിനെ തുടര്‍ന്നു മോചിതരായത്. വൈശാഖിന് ഒപ്പമുള്ള മറ്റ് ഒന്‍പതു പേരും തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ്. വൈശാഖിനെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ചെലവില്‍ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

ഒരു സുഹൃത്തു മുഖേനയാണ് തായ്ലന്‍ഡിലേക്കു ജോലിക്ക് പോയതെന്നും അവിടെനിന്ന് മ്യാന്‍മറിലേക്ക് പിടിച്ച് കൊണ്ടുവരികയായിരുന്നെന്നും വൈശാഖ് പറഞ്ഞു. വൈശാഖിന്റെ വാക്കുകള്‍:

Signature-ad

”ഡേറ്റ എന്‍ട്രി ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് സുഹൃത്തു മുഖേനയാണ് ജോലിക്ക് അപേക്ഷിച്ചത്. ഓണ്‍ അറൈവല്‍ വീസ ആയിരുന്നു. കമ്പനിയില്‍ ഒഴിവുണ്ടെന്ന് ഫെയ്‌സ്ബുക് വഴി ഒരാളിലൂടെയാണ് അറിഞ്ഞത്. ഇയാള്‍ ആവശ്യപ്പെട്ട പ്രകാരം പാസ്‌പോര്‍ട്ടിന്റെ കോപ്പിയൊക്കെ അയച്ചു കൊടുത്തിരുന്നു. വിമാനത്താവളത്തിനു പുറത്തേക്കു വന്നപ്പോള്‍ ഒരാള്‍ കാറില്‍ വന്ന് കമ്പനി വാഹനമാണെന്നു പറഞ്ഞ് ഞങ്ങളെ അതില്‍ കയറ്റി. തുടര്‍ന്ന് ഒരു മണിക്കൂറോളം അതില്‍ സഞ്ചരിച്ച ശേഷം മറ്റൊരു വാഹനത്തിലേക്കു മാറാന്‍ ആവശ്യപ്പെട്ടു.

അതില്‍ തോക്കും മറ്റ് ആയുധങ്ങളുമായി നാലഞ്ചു പേര്‍ ഉണ്ടായിരുന്നു. അവിടെനിന്ന് 600 കിലോമീറ്റര്‍ താണ്ടി മ്യാന്‍മര്‍ അതിര്‍ത്തിയില്‍ എത്തിച്ചു. അവിടെ ഒരു നദിക്കരയിലാണ് വാഹനം നിര്‍ത്തിയത്. അവിടെയും നാലഞ്ചു പേര്‍ തോക്കുമായി ഉണ്ടായിരുന്നു. ഞങ്ങളെ ബോട്ടില്‍ കയറ്റി കൊണ്ടുപോയി. എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ക്ക് മനസിലായില്ല. തുടര്‍ന്ന് മറ്റൊരു സ്ഥലത്തെത്തി മറ്റൊരു വാഹനത്തില്‍ കയറ്റി. മൂന്നു നാലു വാഹനങ്ങള്‍ മാറിമാറിക്കയറി കുറേ കെട്ടിടങ്ങളുള്ള ഒരു സ്ഥലത്തെത്തിച്ചു. അവിടെ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഒരു കമ്പനിയിലേക്കു കൊണ്ടുപോയി ഭീഷണിപ്പെടുത്തി ഒപ്പിടുവിച്ചു. എന്താണ് ജോലി എന്നൊന്നും ഞങ്ങള്‍ക്ക് മനസിലായില്ല.

പിറ്റേന്ന് ജോലിക്കു ചെന്നപ്പോള്‍ കുറേ വ്യാജ ഫെയ്‌സ്ബുക് ഐഡികള്‍ നല്‍കി. അത് ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുടേതായിരുന്നു. പാര്‍ട് ടൈം ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് ഈ പ്രൊഫൈലുകള്‍ വഴി പരസ്യം നല്‍കുകയായിരുന്നു ജോലി. അത് എന്തിനാണെന്നു പോലും ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. കുറച്ചു ദിവസം ഈ ജോലി ചെയ്തു. പിന്നീട് അന്വേഷിച്ചപ്പോഴാണ് സ്പാമിങ് ആണെന്നു മനസിലായത്. ഈ ജോലി താല്‍പര്യമില്ലെന്നു പറഞ്ഞപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. നിങ്ങള്‍ തായ്ലന്‍ഡില്‍ നിന്ന് എങ്ങനെ മ്യാന്‍മറില്‍ എത്തിയെന്നു പോലും ആര്‍ക്കും അറിയില്ല. അതിനാല്‍ നിങ്ങളെ കൊന്ന് അതിര്‍ത്തിയില്‍ ഇട്ടാല്‍ പോലും ആരും ചോദിക്കാന്‍ വരില്ലെന്ന് അവര്‍ ഭീഷണിപ്പെടുത്തി. ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു.

എംബസിയുടെ ഇടപെടലിലൂടെയാണ് രക്ഷപ്പെട്ടത്. അവിടുത്തെ എല്ലാ വിവരങ്ങളും ഫോണില്‍നിന്നു കളഞ്ഞിട്ട് അവര്‍ ഞങ്ങളെ തായ്ലന്‍ഡ് അതിര്‍ത്തിയില്‍ കൊണ്ടുവിടുകയായിരുന്നു മ്യാന്‍മറില്‍നിന്ന് രക്ഷപ്പെട്ട് എത്തിയവര്‍ ഇപ്പോള്‍ ഉള്ളത് തായ്‌ലന്‍ഡിലെ മിയാസോട്ടിയാണ്. ഇന്ത്യന്‍ എംബസിയുമായും നോര്‍ക്കയുമായും ബന്ധപ്പെട്ടിട്ടുണ്ട്. അടുത്ത ബുധനാഴ്ചയ്ക്കുള്ളില്‍ ഇന്ത്യയില്‍ എത്തിക്കാമെന്നാണ് അവര്‍ അറിയിച്ചിരിക്കുന്നത്.

മാസ്റ്റര്‍ ഗ്രൂപ്പ് എന്നാണ് ഞങ്ങള്‍ അകപ്പെട്ട കമ്പനിയുടെ പേര്. ഏഴു മലയാളികള്‍ അടക്കം 17 ഇന്ത്യക്കാര്‍ ഇനിയും അവിടെ കുടുങ്ങി കിടപ്പുണ്ടെന്നും അവരെ രക്ഷിക്കാന്‍ എംബസി ഇടപെടണമെന്നും വൈശാഖ് പറയുന്നു. ഈ 17 പേരെ കൂടാതെ ഞങ്ങള്‍ താമസിച്ച സ്ഥലത്ത് മൂന്നുറിലധികം ഇന്ത്യക്കാര്‍ ഉണ്ട്. അതില്‍ അന്‍പതിലേറെ മലയാളികാണ്. അവരെക്കൂടി എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നും വൈശാഖ് ആവശ്യപ്പെട്ടു.

 

Back to top button
error: