കണ്ണൂര്‍: ശ്രീകണ്ഡാപുരം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ റാഗിംഗിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ മുഹമ്മദ് സഹലിന് ചെവിക്ക് പരുക്കേറ്റു. കേള്‍വി ശക്തി കുറഞ്ഞു. ഒരു കൂട്ടം പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് സഹലിനെ വളഞ്ഞിട്ട് മര്‍ദ്ദിച്ചത്. സഹലിന്റെ മാതാപിതാക്കള്‍ ശ്രീകണ്ഡാപുരം പോലീസില്‍ പരാതി നല്‍കി. മുടി നീട്ടി വളര്‍ത്തിയതിനും ബട്ടന്‍സ് മുഴുവന്‍ ഇട്ടതിനുമായിരുന്നു മര്‍ദ്ദനമെന്നാണ് വിവരം. മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
അതേസമയം, വര്‍ക്കല എസ്എന്‍ കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്ത സംഭവത്തില്‍ മാതൃകാപരമായ നടപടി സ്വീകരിച്ച് കോളജ് അധികൃതര്‍. കോളജിലെ ആന്റി റാഗിംഗ് സ്‌ക്വാഡിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി, കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് വിദ്യാര്‍ത്ഥികളെ കോളജില്‍ നിന്ന് പുറത്താക്കി. സംഭവത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് തുടര്‍ അന്വേഷണത്തിനും നടപടികള്‍ക്കുമായി വര്‍ക്കല പോലീസിന് കൈമാറുകയും ചെയ്തു. ബി ജൂബി, ആര്‍ ജിതിന്‍ രാജ്, എസ് മാധവ് എന്നിവരെയാണ് കോളജില്‍ നിന്ന് പുറത്താക്കിയത്.
ഒക്ടോബര്‍ പത്തിനായിരുന്നു സംഭവം. ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യം പ്രിന്‍സിപ്പലിന് ലഭിച്ചതോടെയാണ് അന്വേഷണം തുടങ്ങിയത്. അന്ന് തന്നെ മര്‍ദ്ദനത്തിന് ഇരയായ വിദ്യാര്‍ത്ഥികളോട് സംഭവത്തെ കുറിച്ച് അന്വേഷിച്ചു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോളേജിലെ ആന്റി റാഗിംഗ് സെല്‍ അന്വേഷണം നടത്തി. തൊട്ടടുത്ത ദിവസം കുറ്റക്കാരായ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി അന്വേഷണ റിപ്പോര്‍ട്ട് വായിച്ച് കേള്‍പ്പിച്ചു. പ്രതികളുടെ വിശദീകരണം കൂടി ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് മൂന്ന് പേരെയും പുറത്താക്കാന്‍ തീരുമാനിച്ചത്.