KeralaNEWS

അന്ധവിശ്വാസത്തിന്റെ മറവിൽ ഇരട്ട കൊലപാതകം :കേരളാ പോലീസിന് പൊൻതൂവൽ സമ്മാനിച്ച സഹപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ അറിയിച്ച് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ

വെറുമൊരു തിരോധാനക്കേസ് സമർത്ഥമായി അന്വേഷിച്ച് അന്ധവിശ്വാസത്തിന്റേയും, ദുരാചാരത്തിന്റേയും മറയിൽ അത്യാർത്തിപൂണ്ട് നടത്തിയ ഇരട്ട കൊലപാതകം കണ്ടെത്തി, പ്രതികളെ പിടികൂടി.കേരളാ പോലീസിന് ഒരു പൊൻതൂവൽ കൂടി സമ്മാനിച്ച പ്രിയ സഹപ്രവർത്തകർക്ക്

ദുരാചാരങ്ങളും, അന്ധവിശ്വാസങ്ങളും, സമ്പത്തിനോടുള്ള അത്യാർത്തിയും മനുഷ്യരെ എന്തും ചെയ്യാൻ പ്രേരിപ്പിക്കും എന്നതിന്റെ ഉദാഹരണമാണ് ഈ നരബലികൾ.

അന്ധവിശ്വാസത്തിന് ജാതിയും മതവുമില്ലയെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് നാടിനെ നടുക്കിയ പത്തനംതിട്ട ഇലന്തൂരിലെ ഇരട്ട കൊലപാതകത്തിലൂടെ.

സാമ്പത്തിക പരാധീനതകൾ കൊണ്ട്, ജീവിക്കാനായി തമിഴ്നാട്ടിൽ നിന്ന് കേരളത്തിലെത്തി ലോട്ടറി കച്ചവടം നടത്തിവന്ന ഒരു സ്ത്രീയുടെ മിസ്സിംഗ്‌ കേസിന്റെ അന്വേഷണത്തിലൂടെയാണ് രണ്ട് കൊലപാതക കേസുകൾ കണ്ടെത്താനും, പ്രതികളെ അറസ്റ്റ് ചെയ്യാനും, ഈ ആധുനിക കാലഘട്ടത്തിലും അന്ധവിശ്വാസങ്ങളുടെ പേരിൽ നടന്ന കൊടുംക്രൂരതകൾ പൊതുസമുഹത്തിനുമുന്നിൽ എത്തിക്കുവാനും കേരള പോലീസിന് കഴിഞ്ഞത്. സാധാരണക്കാരന് നീതി കിട്ടില്ല എന്ന മിഥ്യാധാരണ തിരുത്തിക്കാനും ഈ കേസ് അന്വേഷണം സാഹചര്യമൊരുക്കി.

വളരെ സമർത്ഥമായരീതിയിൽ
ഈ കേസിന്റെ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യാൻ സാഹചര്യമൊരുക്കിയ കൊച്ചി സിറ്റി കടവന്ത്ര പോലീസ് സ്റ്റേഷൻ SHO ബൈജു. K. ജോസ്, സബ്ഇൻസ്പെക്ടർ അനിൽകുമാർ, ASI മാരായ ആനന്ദ്, സനീഷ്, SCPO മാരായ സുമേഷ്, അനിൽകുമാർ, രതീഷ്, രാഗേഷ്, CPO ഉണ്ണിക്കൃഷ്ണൻ എന്നിവർക്ക് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഹൃദയാഭിവാദ്യങ്ങൾ അർപ്പിക്കുന്നു.

കൂടാതെ, തെളിവുകൾ സമാഹരിക്കാൻ സഹായങ്ങൾ ചെയ്ത മറ്റ് പോലീസ് ഉദ്യോഗസ്ഥർക്കും, സൂചനകൾ ലഭ്യമാകാൻ സഹായകരമായ വിവരങ്ങൾ നൽകിയ പൊതുജനങ്ങൾക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു.

അനാചാരങ്ങളെ ആചാരങ്ങളായി പ്രചരിപ്പിച്ച് നിലനിർത്താനുള്ള പ്രവണതകൾ പലപ്പോഴും കണ്ടുവരാറുണ്ട്.
നിയമ നിർമാണ പ്രക്രിയകളിലൂടെ മാത്രം ഇത്തരം ദുരാചാരങ്ങളെ പൂർണമായും ഒഴിവാക്കാൻ കഴിയില്ല എന്നതിനും നിരവധി അനുഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്. മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും മറ്റ് ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ച് ജനങ്ങളിൽ ശാസ്ത്രബോധം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പൊതു സമൂഹമാകെ ഏറ്റെടുക്കേണ്ടതുണ്ട്.

C.R. ബിജു
ജനറൽ സെക്രട്ടറി
KPOA

Back to top button
error: