KeralaNEWS

ഇന്നലെ പാലായിലും ഇന്ന് എറണാകുളം ബൈപ്പാസിലും ഓട്ടത്തിനിടെ തീ പിടിച്ച് കാർ കത്തി നശിച്ചു, യാത്രക്കാർ പെട്ടെന്ന് ഇറങ്ങിയതിനാൽ ആളപായമില്ല

കൊച്ചി ചക്കരപ്പറമ്പിനു സമീപം ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. ബോണറ്റിനുള്ളിൽനിന്നു പുക ഉയർന്നയുടൻ വാഹനം നിർത്തി ഉള്ളിലുണ്ടായിരുന്ന കുടുംബം ഇറങ്ങിയോടിയതിനാൽ ആളപായമില്ല.

മധുര സ്വദേശി ശിവപാലനും ഭാര്യയും രണ്ടു മക്കളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഓട്ടത്തിനിടെ രൂക്ഷമായ പെട്രോൾ ഗന്ധം അനുഭവപ്പെട്ടിരുന്നതായി ഇവർ പറയുന്നു. പുക കണ്ടു വാഹനം ഒതുക്കി നിർത്തി ഏതാനും നിമിഷങ്ങൾക്കുള്ളിൽ പൂർണമായും കത്തിയമർന്നു. വിവരമറിഞ്ഞ് ഫയർഫോഴ്സ് എത്തിയപ്പോഴേക്കും വാഹനം കത്തിത്തീരാറായിരുന്നു.

ഇന്നലെ പാലായില്‍ ഓട്ടത്തിനിടെ തീ പിടിച്ച് മാരുതി കാര്‍ കത്തി നശിച്ചു. പാലാ പൊന്‍കുന്നം റോഡില്‍ സിവില്‍ സപ്ലൈസ് വെയര്‍ഹൗസിന് സമീപം വാഴയില്‍ മഠം റോഡിലാണ് സംഭവം. ആളപായം ഒന്നുമില്ല. വാഹനം പൂര്‍ണമായി കത്തി നശിച്ചു.

വാഴയില്‍ മഠത്തില്‍, വലിയ കാപ്പില്‍ വി എം തോമസിന്റെ വാഹനത്തിനാണ് തീ പിടിച്ചത്. വാഹനത്തില്‍ ഇന്ധനം നിറച്ചതിനു ശേഷം തിരികെ വീട്ടിലേക്ക് വരും വഴി പെട്രോളിന്റെ മണം അനുഭവപ്പെട്ടതായി വാഹന ഉടമ പറഞ്ഞു. വാഹനം ഗട്ടറില്‍ ചാടിയപ്പോള്‍ സ്പാര്‍ക്ക് ഉണ്ടായതാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പുക ഉയരുന്നത് കണ്ട് വാഹനം സൈഡില്‍ പാര്‍ക്ക് ചെയ്യുകയായിരുന്നു.

വാഹനത്തില്‍ രണ്ടുപേരാണ് ഉണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ട് വാഹനത്തിലുണ്ടായിരുന്നവര്‍ പെട്ടെന്ന് ഇറങ്ങിയതിനാല്‍ യാത്രക്കാര്‍ക്ക് പരിക്കുകളില്ല. വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്ന ബാഗും മറ്റ് സാമഗ്രികളും കത്തി നശിച്ചു. ഉടന്‍തന്നെ പാല ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു.

Back to top button
error: