കൊച്ചി: സി.പി.ഐയില്‍ ഉറച്ചുനില്‍ക്കുമെന്ന് മുന്‍ എം.എല്‍.എ ഇ.എസ് ബിജിമോള്‍. കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ താന്‍ മറ്റു പാര്‍ട്ടിയിലേക്ക് പോയി എന്ന തരത്തില്‍ വ്യാജ പ്രചരണം ചിലര്‍ നടത്തുന്നതായി സിപിഐ സഖാക്കള്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ യാതൊരുവിധ വസ്തുതയുമില്ല. രാഷ്ട്രീയ സ്ഥാനമാനങ്ങള്‍ക്കായും അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലും മറ്റു രാഷ്ട്രിയ പാര്‍ട്ടികളിലേക്ക് ചേക്കേറുന്നവര്‍ ഉണ്ടാകാം. അവരുടെ കൂട്ടത്തില്‍ എന്റെ പേര് ഉള്‍പ്പെടുത്തേണ്ടതില്ലെന്നു ബിജി മോള്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഇഎസ് ബിജിമോളുടെ കുറിപ്പ്
ഇരുപത്തിരണ്ടാം വയസില്‍ സി.പി.ഐ മെമ്പര്‍ഷിപ്പ് എടുത്താണ് സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് ഞാന്‍ വരുന്നത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായതോടെയാണ് സാധാരണക്കാരായ സഖാക്കളുടെ അളവറ്റ സ്നേഹവും കരുതലും ഞാന്‍ അനുഭവിച്ചറിഞ്ഞത്. അവര്‍ നല്കിയ ആത്മവിശ്വാസവും പിന്തുണയുമാണ് എനിക്ക് ജനപ്രതിനിധിയെന്ന നിലയില്‍ പ്രവര്‍ത്തിക്കുവാനും ജനകീയ പ്രശ്നങ്ങളില്‍ പ്രതികരിക്കാനും കരുത്ത് നല്കിയത്. ഇത്രയും ഇപ്പോള്‍ പറഞ്ഞതിന് കാരണമിതാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഞാന്‍ മറ്റു പാര്‍ട്ടിയിലേക്ക് പോയി എന്ന തരത്തില്‍ വ്യാജ പ്രചരണം ചിലര്‍ നടത്തുന്നതായി സി പി ഐ യുടെ സഖാക്കള്‍ എന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ യാതൊരു വിധ വസ്തുതയുമില്ല . സഖാക്കളെ, രാഷ്ട്രീയ സ്ഥാനമാനങ്ങള്‍ക്കായും അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലും മറ്റു രാഷ്ട്രിയ പാര്‍ട്ടികളിലേക്ക് ചേക്കേറുന്നവര്‍ ഉണ്ടാകാം.
അവരുടെ കൂട്ടത്തില്‍ എന്റെ പേര് ഉള്‍പ്പെടുത്തേണ്ടതില്ല.
എന്നും അടിയുറച്ച ഒരു കമ്യുണിസ്റ്റുകാരിയായിരിക്കും ഞാന്‍. അതിലുപരി രാഷ്ട്രീയപ്രവര്‍ത്തകയായിരിക്കുന്നടത്തോളം കാലം ഞാന്‍ സി.പി.ഐയുടെ പ്രവര്‍ത്തകയായിരിക്കും.
അഭിപ്രായങ്ങള്‍ തുറന്ന് പറയണമെന്നും എത് പ്രതിസന്ധിയുണ്ടായാലും നിങ്ങളുടെ നാവാകണമെന്നുമാണ് സഖാക്കളെ നിങ്ങള്‍ എന്നോട് ആവശ്യപ്പെട്ടത്. അതിന് പകരമായി കൂടെ നില്ക്കുമെന്നും കൂടെ കാണുമെന്നും ഉറപ്പു നല്കിയ ,ഒന്നും ആഗ്രഹിക്കാത്ത, ഒന്നും പ്രതീക്ഷിക്കാത്ത ഒരായിരം സഖാക്കളുണ്ട്. അവര്‍ നല്കിയ പിന്തുണയാണ് എന്റെ ശക്തി. ശരിയെന്ന് ഉത്തമ ബോധ്യമുള്ളത് ഭയരഹിതമായി പറയുന്നതിനും പറയുന്നത് പ്രവര്‍ത്തിക്കുന്നതിനും എന്നും സി.പി.ഐക്ക് ഒപ്പം.