മുംബൈ: 1476 കോടിയുടെ ലഹരികടത്ത് കേസില്‍ അറസ്റ്റിലായ കാലടി മഞ്ഞപ്ര സ്വദേശി വിജിന് വര്‍ഗീസിനെ 502 കോടി രൂപയുടെ മറ്റൊരു ലഹരിക്കേസില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡി.ആര്.ഐ) അറസ്റ്റ് ചെയ്തു.
ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഗ്രീന്‍ ആപ്പിള്‍ ഇറക്കുമതിയുടെ മറവില്‍ 50 കിലോഗ്രാം കൊക്കെയ്ന്‍ കടത്തിയ കേസിലാണ് അറസ്റ്റ്. ആപ്പിള്‍ പെട്ടികള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് ലഹരിമരുന്നു കടത്തിയത്. ആദ്യത്തെ കേസില്‍ ഡി.ആര്.ഐയുടെ കസ്റ്റഡിയിലിരിക്കെയാണ് വീണ്ടും അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഓറഞ്ച് ഇറക്കുമതിയുടെ മറവില്‍ 1476 കോടി രൂപയുടെ ലഹരിമരുന്ന് ഇന്ത്യയിലേക്ക് കടത്തിയ കേസില്‍ വിജിന് നേരത്തേ അറസ്റ്റിലായിരുന്നു. വിജിന് മാനേജിങ് ഡയറക്ടറായുള്ള ‘യമ്മിറ്റോ ഇന്റര്‍നാഷനല്‍ ഫുഡ്സ്’ എന്ന സ്ഥാപനം നവിമുംബൈയിലെ തുറമുഖത്ത് ഇറക്കുമതി ചെയ്ത ഓറഞ്ച് പെട്ടികള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ 198 കിലോഗ്രാം മെതാംഫെറ്റമിനും 9 കിലോഗ്രാം കൊക്കെയ്നും കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
ലഹരിമരുന്ന് കടത്തിന്റെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന മലപ്പുറം കോട്ടയ്ക്കല്‍ തച്ചന്‍പറമ്പന്‍ മന്‍സൂറിനായി ഡി.ആര്.ഐ സംഘം ഇന്റര്‍പോളിന്റെ അടക്കം സഹായം തേടിയിട്ടുണ്ട്. മന്‍സൂറിന്റെ ഉടമസ്ഥതയില്‍ ദക്ഷിണാഫ്രിക്കയിലുള്ള ‘മോര് ഫ്രഷ് എക്സ്പോര്‍ട്സ്’ വഴിയാണ് ഇറക്കുമതി നടത്തിയതെന്നാണ് വിജിന്റെ മൊഴി.