CrimeNEWS

ഗുജറാത്ത് തീരത്ത് 350 കോടിയുടെ 50 കിലോ ഹെറോയിനുമായി പാക് ബോട്ട് പിടിയില്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ വീണ്ടും വന്‍ ലഹരിവേട്ട. ഗുജറാത്ത് തീരത്ത് 50 കിലോ ഹെറോയിനുമായി പാക്കിസ്ഥാന്‍ ബോട്ട് പിടിയിലായി. ബോട്ടിലുണ്ടായിരുന്ന ആറുപേരെയും കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത ലഹരിമരുന്നിന് വിപണിയില്‍ 350 കോടി രൂപ വിലവരുമെന്ന് അധികൃതര്‍ പറഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെ രാജ്യാന്തര സമുദ്രാതിര്‍ത്തിയില്‍ തീരസംരക്ഷണ സേനയും ഗുജറാത്ത് എ.ടി.എസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് അല്‍ സാഗര്‍ എന്ന
പാക് ബോട്ട് പിടികൂടിയത്.

അതിനിടെ, കൊച്ചി പുറംകടലില്‍ നിന്ന് പിടികൂടിയ 200 കിലോ ഹെറോയിന് പിന്നില്‍ പാക്കിസ്ഥാന്‍ കേന്ദ്രമാക്കിയുളള ‘ഹാജി അലി നെറ്റ്‌വര്‍ക്കെ’ന്ന് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. പാക്കിസ്ഥാനില്‍ നിന്ന് പുറപ്പെട്ട ചരക്ക് ശ്രീലങ്കയിലേക്കാണ് നീങ്ങിയത്. ഇതിന്റെ ഒരു ഭാഗം പിന്നീട് ഇന്ത്യയില്‍ എത്താനിരുന്നതാണെന്നും എന്‍.സി. ബി അറിയിച്ചു.

മത്സ്യ ബന്ധന ട്രോളറില്‍ കൊണ്ടുവന്ന ഇരുനൂറ് കിലോ ഹെറോയിനാണ് കൊച്ചിയുടെ പുറങ്കടലില്‍ കേന്ദ്ര നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും നേവിയും ചേര്‍ന്നാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. ലഹരികടത്തിന് ഇടനിലക്കാരായ ആറ് ഇറാന്‍ പൗരന്‍മാരെയും കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയത്. രാജ്യാന്തര മാര്‍ക്കറ്റില്‍ 1200 കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ പാക്കിസ്ഥാനില്‍ നിന്നാണ് പുറപ്പെട്ടത്.

Back to top button
error: