തിരുവനന്തപുരം: പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രി വളപ്പിലെ ക്ഷേത്രത്തിലെ വരുമാനത്തെ ചൊല്ലി തർക്കം. ആരോഗ്യവകുപ്പും ജില്ലാ പഞ്ചായത്തും തമ്മിലാണ് തർക്കം.
പേരൂര്‍ക്കട ജില്ലാ ജനറല്‍ ആശുപത്രി വളപ്പിലെ ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച പണത്തെയും വസ്തുക്കളെയും കുറിച്ച് ആരോഗ്യവകുപ്പിന്റെ ഓഡിറ്റില്‍ ചോദ്യങ്ങളുയര്ന്നതോടെയാണ് തർക്കം ഉടലെടുത്തത്.
പേരൂര്‍ക്കട ജില്ലാ ജനറല്‍ ആശുപത്രി വളപ്പിലാണ് നന്നായി പരിപാലിച്ച ചെറിയ ക്ഷേത്രം. ജീവനക്കാര്‍ തന്നെയാണ് പരിപാലിക്കുന്നതൊക്കെ. പക്ഷെ പ്രശ്നം അതല്ല. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന്റെ ഓഡിറ്റ് നടന്നപ്പോള്‍ ഉദ്യോഗസ്ഥര്‍, കഴിഞ്ഞ മാസം തുറന്ന കാണിക്കവഞ്ചിയിലെ പണം കണ്ടെത്തി.
60,000 രൂപയോളം ഓഫീസ് മുറിയില്‍ ചാക്കില്‍ വെച്ച നിലയിലായിരുന്നു എന്നാണ് വിവരം. നിലവിളക്കുകളടക്കമുള്ള മറ്റു വസ്തുക്കള്‍ വേറെയുമുണ്ട്. പണവും വസ്തുക്കളും ശ്രദ്ധയില്‍പ്പെട്ടതോടെ ഇതുവരെ ഇവ കൈകാര്യം ചെയ്തതെങ്ങനെയാണെന്നും, കണക്കും രേഖകളുമെവിടെയെന്നും ചോദ്യമുയര്‍ന്നു.
ഏതായാലും ഓഡിറ്റ് സംബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ നോട്ടീസ് കിട്ടിയെന്നും, പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നുമാണ് ആശുപത്രിയുടെ ചുമതലയുള്ള ജില്ലാ പഞ്ചായത്ത് വിശദീകരിക്കുന്നത്.