NEWSWorld

സാഹിത്യ നൊബേല്‍ ഫ്രഞ്ച് സാഹിത്യകാരി അനീ എര്‍നുവിന്

ദില്ലി: 2022 ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ഫ്രഞ്ച് എഴുത്തുകാരി അനീ എര്‍നുവിന്. അനീ എര്‍നുവിന്‍റെ ആത്മകഥാപരമായ സാഹിത്യ സൃഷ്ടികൾക്കാണ് അംഗീകാരം. വ്യക്തി ബന്ധങ്ങളും സാമൂഹിക യാഥാർത്ഥ്യവുമാണ് അനിയുടെ കൃതികളിലെ കാതൽ. എഴുത്തിനെ സാമൂഹിക വിമോചനത്തിനുള്ള വഴിയായി അനി ഉപയോഗപ്പെടുത്തിയെന്ന് നൊബേൽ സമിതി വിലയിരുത്തി. 1974 ൽ എഴുതിയ ക്ലീൻ ഔട്ട് എന്ന നേവലാണ് ആദ്യ സാഹിത്യകൃതി. ആത്മകഥാപരമായ നോവലാണിത്. ആനിയും പിതാവും തമ്മിലുള്ള ബന്ധം വിവരിക്കുന്ന എ മാൻസ് പ്ലേസ്, എ വുമൺസ് സ്റ്റോറി, സിമ്പിൾ പാഷൻ, ഇ ഇയേഴ്സ് എന്നിവയാണ് ശ്രദ്ദേയമായ മറ്റുകൃതികൾ.

അതേസമയം ഈ വർഷത്തെ രസതന്ത്ര നോബേൽ പുരസ്കാരം ഇന്നലെ പ്രഖ്യാപിച്ചിരുന്നു.  ഒരു വനിത അടക്കം 3 പേർക്കാണ് പുരസ്കാരം. ക്ലിക്ക് കെമിസ്ട്രിയിലെ ഗവേഷണങ്ങൾക്കാണ് അംഗീകാരം. രസതന്ത്രത്തെ കൂടുതൽ പ്രായോഗിക വത്കരിച്ചതിനാണ് ഇത്തവണത്തെ നോബേൽ പുരസ്കാരം. അമേരിക്കയിൽ നിന്നുള്ള കരോളിൻ ബെർട്ടോസി, ബാരി ഷാർപ്ലെസ്, ഡെൻമാര്‍ക്കുകാരനായ മോർട്ടൻ മെർദാൽ എന്നിവർ അംഗീകാരം പങ്കിടും. ക്ലിക് കെമിസ്ട്രി എന്ന രസതന്ത്ര ശാഖയെ കൂടുതൽ പ്രയോഗ വത്കരിക്കുന്നതിൽ ഇവർ മുഖ്യ പങ്കുവഹിച്ചെന്ന് നൊബേൽ സമിതി വിലയിരുത്തി. ഇവരുടെ ഗവേഷണങ്ങൾ കാൻസർ ചികിത്സയ്ക്കും മരുന്ന് നിർമ്മാണത്തിലും ഏറെ ഉപകാരപ്പെടും.

ഭൗതിക ശാസ്ത്ര നോബേൽ പുരസ്‍കാരത്തിന് ഇത്തവണ അര്‍ഹരായതും മൂന്ന് പേരാണ്. ഫ്രാൻസിൽ നിന്നുള്ള ഏലിയാൻ ഏസ്പെക്ടിനും അമേരിക്കകാരനായ ജോൺ എഫ് ക്ലോസർക്കും ഓസ്ട്രിയയിൽ നിന്നുള്ള ആന്‍റോണ്‍ സെലിങർക്കുമാണ് പുരസ്‍ക്കാരം. ക്വാണ്ടം മെക്കാനിക്സിലെ കണ്ടുപിടുത്തങ്ങൾക്കാണ് അംഗീകാരം. ക്വാണ്ടം തിയറിയിലെ ആധാരശിലകളെ സംബന്ധിച്ച സുപ്രധാന പരീക്ഷണങ്ങൾക്കാണ് മൂന്ന് പേരും നേതൃത്വം നൽകിയത്. പ്രത്യേക സാഹചര്യങ്ങളിൽ രണ്ട് കണങ്ങൾ പരസ്‍പരം വേര്‍പെട്ടാലും ഒന്നായി പ്രവർത്തിക്കും എന്നത് അടക്കമുള്ള നിരീക്ഷങ്ങളാണ് നൊബേൽ സമിതി പരിഗണിച്ചത്.

വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം സ്വീഡിഷ് ശാസ്ത്രജ്ഞൻ സ്വാന്‍റേ പേബൂവിനാണ്. മനുഷ്യ പരിണാമ പഠനത്തിലെ അപൂർവ സംഭാവനകൾക്കാണ് അംഗീകാരം. പേബൂവിന്‍റെ അച്ഛൻ സുനേ ബഗേസ്റ്റോമിനായിരുന്നു 1982 ലെ നൊബേൽ പുരസ്കാരം. മനുഷ്യവംശത്തിലെ വംശനാശം സംഭവിച്ച വിഭാഗങ്ങളെക്കുറിച്ചായിരുന്നു സ്വാന്‍റേയുടെ പഠനം. നിയാർത്തണ്ടൽ മനുഷ്യരുടെ ജനിതിക ഘടന വേർതിരിച്ചെടുക്കുകയെന്ന അസാധ്യ ദൗത്യം പൂർത്തികരിച്ചതിനാണ് പുരസ്‍കാരം.

Back to top button
error: