ഇന്ത്യയിലെ ഏറ്റവും വലിയ ബിസ്ക്കറ്റ് നിർമ്മാതാക്കളായ ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ആഫ്രിക്കയിലെ വ്യാപാരം വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി കെനിയയിലെ പ്രവർത്തനങ്ങൾക്കായി നെയ്‌റോബി ആസ്ഥാനമായുള്ള കെനാഫ്രിക് ഇൻഡസ്ട്രീസുമായി കരാറിലെത്തി. 20 മില്യൺ ഡോളറിന്റെ ഇടപാടിലാണ് ബ്രിട്ടാനിയ കരാർ ഒപ്പുവെച്ചത്. വിപുലീകരണത്തിന്റെ ഭാഗമായി നെയ്‌റോബിയിലെ നവീകരിച്ച ഫാക്ടറി ഈ ആഴ്ച ആരംഭിക്കുമെന്ന് കെനാഫ്രിക് ഇൻഡസ്ട്രീസ് വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെ ഗുഡ് ഡേ, മേരി ഗോൾഡ്,ടൈഗർ എന്നിങ്ങനെയുള്ള വളരെയധികം സ്വീകാര്യത നേടിയ ബിസ്‌ക്കറ്റുകളുടെ നിർമ്മാതാക്കളാണ് ബ്രിട്ടാനിയ. 130 വർഷം പഴക്കമുള്ള ബ്രിട്ടാനിയ കമ്പനി വടക്കേ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലായി 80- ലധികം രാജ്യങ്ങളിൽ പടർന്നു കിടക്കുന്ന വ്യവസായ സ്ഥാപനമാണ്. ബിസ്‌ക്കറ്റുകൾക്ക് പുറമെ കേക്ക്, ബ്രെഡ്, പാലുൽപ്പന്നങ്ങൾ എന്നിവയും ബ്രിട്ടാനിയയുടേതായി വിപണിയിൽ എത്തുന്നുണ്ട്.
കമ്പനി അടുത്തിടെ ഈജിപ്തിലും ഉഗാണ്ടയിലും പുതിയ വ്യവസായ യൂണിറ്റുകൾ ആരംഭിച്ചിട്ടുണ്ട്. കെനിയയിലും നൈജീരിയയിലും കൂടുതൽ വ്യവസായ സാദ്ധ്യതകൾ തേടുകയാണ് ബ്രിട്ടാനിയ കമ്പനി. അതേസമയം കെനിയ കരാറിനെ കുറിച്ച് ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളായ, പാരീസ് ആസ്ഥാനമായുള്ള അമേത്തിസ്, ജോഹന്നാസ്ബർഗ് ആസ്ഥാനമായുള്ള മെറ്റിയർ എന്നിവയുടെ പിന്തുണയുള്ള കമ്പനിയാണ് കെനാഫ്രിക്. 1987-ൽ ഒരു പാദരക്ഷ നിർമ്മാണത്തിലൂടെയാണ് കെനാഫ്രിക് വ്യവസായം ആരംഭിക്കുന്നത്. തുടർന്ന് മിഠായി, പാനീയങ്ങൾ, സ്റ്റേഷനറി, ഭക്ഷ്യ സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുൾപ്പെടെയുള്ള സാധനങ്ങളുടെ വ്യാപാരം ആരംഭിച്ചു. നാല് വർഷം മുമ്പ് കെനാഫ്രിക് ബിസ്‌ക്കറ്റ് ബിസിനസ്സിലേക്ക് പ്രവേശിക്കുന്നത്. കെനിയ, ഉഗാണ്ട, ടാൻസാനിയ, റുവാണ്ട, കോംഗോ, ബുറുണ്ടി, മലാവി എന്നിവിടങ്ങളിൽ കെനാഫ്രിക് വ്യാപാരം നടത്തുന്നു.