KeralaNEWS

സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ നഷ്ടപരിഹാരത്തുക നല്‍കാന്‍ കഴിയാതെ കോഴിക്കോട് സ്വദേശി വധശിക്ഷ കാത്തുകഴിയുന്നു

റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ നഷ്ടപരിഹാരത്തുക (ദിയ പണം) നല്‍കാന്‍ കഴിയാതെ കോഴിക്കോട് സ്വദേശി വധശിക്ഷ കാത്തുകഴിയുന്നു. ഫറോക്ക് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കല്‍ പരേതനായ മുല്ല മുഹമ്മദ് കുട്ടിയുടെ മകന്‍ അബ്ദുറഹീ(42)മാണ് സൗദി ജയിലില്‍ നാളുകളെണ്ണി കഴിയുന്നത്. സൗദി പൗരനായ അനസ് അല്‍ഷഹ്‌റി കൊല്ലപ്പെട്ട കേസിലാണ് അബ്ദുറഹീമിന് സൗദി കോടതി വധശിക്ഷ വിധിച്ചത്.

2006 ഡിസംബര്‍ 24 നായിരുന്നു കേസിനാസ്പദമായ സംഭവം. സ്വദേശിയായ ഫായിസ് അബ്ദുല്ല അബ്ദുറഹ്‌മാന്‍ അല്‍ ഷഹ്രിയുടെ ശീരത്തിനു ചലനശേഷിയില്ലാത്ത മകന്‍ അനസിനെ പരിചരിക്കാനാണ് അബ്ദുറഹിമാന്‍ അതേവര്‍ഷം നവംബര്‍ 28ന് റിയാദിലെത്തിയത്. കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയാണ് ബാലന് ഭക്ഷണവും വെള്ളവും നല്‍കുന്നത്. ഇടക്കിടെ അനസ് പ്രകോപിതനാകും. ഇവിടെ ജോലി ചെയ്യുവാനുള്ള പ്രയാസം അബ്ദുറഹിമാന്‍ നാട്ടിലെ വീട്ടുകാരോട് അറിയിച്ചിരുന്നു. എങ്കിലും ഇടയ്ക്കിടെ അനസിനെ വീല്‍ ചെയറില്‍ പുറത്തുകൊണ്ടുപോവുകയും ആവശ്യമായ സാധനങ്ങള്‍ വാങ്ങികൊടുക്കയും ചെയ്തിരുന്നു.

Signature-ad

എന്നാല്‍, സംഭവ ദിവസവും അനസിനെ വാഹനത്തില്‍ കയറ്റി വീട്ടില്‍ നിന്ന് ഹൈപ്പര്‍ മാര്‍ക്കറ്റിലേക്ക് അബ്ദുറഹിമാന്‍ കൊണ്ടു പോയിരുന്നു. ഇതിനിടയ്ക്ക് അനസ് പ്രകോപിതനാവുകയും അബ്ദുറഹീമിന്റെ മുഖത്ത് തുരുതുരാ കാര്‍ക്കിച്ചുതുപ്പുകയും ചെയ്തു. തടയാനുള്ള ശ്രമത്തിനിടെ അബ്ദുറഹീമിന്റെ കൈ അബദ്ധത്തില്‍ അനസിന്റെ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ തട്ടി. അനക്കമില്ലെന്ന് കണ്ട് പിന്നീട് പരിശോധിച്ചപ്പോഴാണ് കുട്ടി മരിച്ചതായി ബോധ്യമായത്.

റിയാദിലുള്ള ബന്ധു നല്ലളം സ്വദേശി മുഹമ്മദ് നസീറുമായി ബന്ധപ്പെടുകയും, പണം തട്ടാന്‍ വന്ന കൊള്ളക്കാര്‍ അബ്ദുറഹീമിനെ ബന്ദിയാക്കി അനസിനെ ആക്രമിച്ചുവെന്ന് പ്രചരിപ്പിച്ചു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ അബ്ദുറഹീമും നസീറും അറസ്റ്റിലാവുകയുമായിരുന്നു. നസീര്‍ പത്ത് വര്‍ഷത്തിന് ശേഷം ജാമ്യത്തിലിറങ്ങി.

റിയാദിലെ വിവിധ സാമൂഹിക സംഘടന പ്രതിനിധികള്‍ കേസുമായി ബന്ധപ്പെട്ട് ഒത്തുതിര്‍പ്പും കോടതി വ്യവഹാരവുമായും സൗദി ഭരണാധികാരികള്‍ക്ക് ദയാഹര്‍ജിയും നല്‍കിയിട്ടുണ്ടെങ്കിലും മരിച്ച കുട്ടിയുടെ കുടുംബം നഷ്ടപരിഹാത്തുകയുടെ കാര്യത്തില്‍ വിടുവീഴ്ചക്കു തയ്യായിട്ടില്ല. ഈ സാഹചര്യത്തില്‍ ഇതിനാവശ്യമായ 33 കോടി രൂപ
കണ്ടെത്താനുള്ള ശ്രമത്തിലാണ് റിയാദിലെ വിവിധ സംഘടനകള്‍. എംബസിയുടെ സഹകരണവും അബ്ദുറഹീമിന്റെ കുടുംബം തേടിയിട്ടുണ്ട്.

അപ്പീല്‍ കോടതിയുടെ പരിഗണനയിലുള്ള കേസിന്റെ കാര്യത്തില്‍ കഴിഞ്ഞ ദിവസം റിയാദിലെത്തിയ മുസ്ലിം ലീഗ് നേതാവ് എം.കെ മുനീര്‍ എം.എല്‍.എ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിരുന്നു. വിഷയം റിയാദ് ഗവര്‍ണറെ ധരിപ്പിക്കാമെന്നാണ് എം.ബസി വൃത്തങ്ങള്‍ നല്‍കുന്ന ഉറപ്പ്.

 

 

Back to top button
error: