സൂറത്ത് :സൂറത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങൾ കൊണ്ട് പിടിച്ചെടുത്തത് 316 കോടി 98 ലക്ഷം രൂപയുടെ വ്യാജ കറന്‍സി നോട്ടുകളാണെന്ന് ജില്ലാ എസ്പി ഹിതേഷ് ജോയ്‌സര്‍ വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസം സൂറത്ത് ജില്ലയിലെ കാമ്രെജ് പോലീസ് അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്ക് പോകുന്ന ഹൈവേയില്‍ പാര്‍ഡി ഗ്രാമത്തിന് സമീപം ദിക്രി എജ്യുക്കേഷന്‍ ട്രസ്റ്റിന്റെ ആംബുലന്‍സ് തടഞ്ഞ് അതിനുള്ളില്‍ നിന്ന് 25 കോടിയുടെ കള്ളനോട്ട് നിറച്ച ആറ് പെട്ടികള്‍ കണ്ടെടുത്തതാണ് സംഭവത്തിന്‍റെ തുടക്കം.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അഞ്ച് ദിവസം മുന്‍പ് സൂറത്തിലെ കാമ്‌റെജ് പോലീസ് സ്റ്റേഷന്‍, ജാംനഗറിലെ ദിക്രി എജ്യുക്കേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആംബുലന്‍സില്‍ നിന്ന് 25 കോടി രൂപയുടെ കള്ളനോട്ട് പിടിച്ചെടുത്തത്.
സംഭവത്തിൽ ആംബുലന്‍സ് ഡ്രൈവറായ ഹിതേഷ് പര്‍ഷോത്തം ഭായ് കൊട്ടിയ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇതിന് പിന്നാലെ ഹിതേഷിന്റെ വസതിയില്‍ നിന്ന് 52 കോടിയുടെ കള്ളനോട്ടുകള്‍ കണ്ടെടുത്തിരുന്നു. ഹിതേഷിന്റെ വീട്ടില്‍ നിലക്കടലയുടെ തൊണ്ടിനടിയില്‍ ഒളിപ്പിച്ച 19 പെട്ടികളില്‍ നിന്നാണ് വ്യാജ നോട്ടുകള്‍ കണ്ടെടുത്തതെന്ന് ജാംനഗര്‍ ഡിഎസ്പി പ്രേംസുഖ് ദേലു പറഞ്ഞു.